റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യക്ക് ജയം. ഇന്നിംഗ്സിനും 202 റൺസിനും ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപ്പിച്ചു. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഷഹബാസ് നദീമാണ് ഇന്ത്യയ്ക്ക് ഗംഭീര വിജയം സമ്മാനിച്ചത്. 335 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക 48 ഓവറിലാണ് 133 റൺസിന് പുറത്തായത്. പരമ്പര 3–0ന് വിജയിച്ച ഇന്ത്യ ഗാന്ധി മണ്ടേല ട്രോഫിയും സ്വന്തമാക്കി. സ്കോർ: ഇന്ത്യ – 497/9 ഡിക്ലയേർഡ്, ദക്ഷിണാഫ്രിക്ക – 162, 133
ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറായ 497/9നെതിരെ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 162 റൺസിന് ആൾഔട്ടായി. ടെസ്‌റ്റ് പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി. മൂന്നാം ദിനം രാവിലെ 9/2 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ അധിക സമയം പിടിച്ചു നിൽക്കാനായില്ല. ഇന്നലത്തെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസിനെ (1) ക്ലീൻ ബൗൾഡാക്കി ഉമേഷ് യാദവ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. നാലാം വിക്കറ്റിൽ സുബയ്യാർ ഹംസയും (62), ടെംബ ബവുമയും (32) അല്പം നേരം പിടിച്ച് നിന്നത് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകി. ഇരുവരും 91 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്കോർ 107ൽ വച്ച് ഹംസയെ ക്ലീൻബൗൾഡാക്കി ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്.
79 പന്തിൽ 10 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ഹംസയുടെ ഇന്നിംഗ്സ്. അടുത്ത ഓവറിൽ നദീമിന്റെ പന്തിൽ സാഹ സ്റ്റമ്പ് ചെയ്ത് ബവുമയേയും പുറത്താക്കി. നദീമിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റായിരുന്നു ഇത്. പിന്നീടെത്തിയവരിൽ ജോർജ് ലിൻഡേയ്ക്ക് (37) മാത്രമാണ് രണ്ടക്കം കാണാനായത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷമി, നദീം, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടന്ന് ഫോളോ ഓൺ ചെയ്യാനിറങ്ങിയപ്പോഴും ദക്ഷിണാഫ്രിക്കയുടെ സ്ഥിതിയിൽ മാറ്രമൊന്നും ഉണ്ടായില്ല.