തിരുവനന്തപുരം: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും തലപൊക്കുന്നു. ആനയറയിലെ സ്വകാര്യ ആശുപത്രിയ്ക്ക് സമീപം ശനിയാഴ്ച അർദ്ധരാത്രി ആട്ടോഡ്രൈവറായ ചാക്ക സ്വദേശി വിപിനെ കൊലപ്പെടുത്തിയ സംഭവത്തോടെ തലസ്ഥാനവാസികൾ ഭീതിയിലാണ്. കഴിഞ്ഞ മാർച്ചിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. മാർച്ച് 12 നാണ് നീറമൺകരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നുമണിക്കൂറോളം മൃഗീയമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഞെട്ടൽ മാറുംമുമ്പേ ശ്രീവരാഹം കുളത്തിന് സമീപം നടുറോഡിൽ പുന്നപുരം സ്വദേശി ശ്യാം എന്ന യുവാവ് കുത്തേറ്റ് മരിച്ചിരുന്നു. മാർച്ച് 24 ന് രാത്രി ബാർട്ടൺഹില്ലിലാണ് ആട്ടോ ഡ്രൈവറും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ അനി എന്ന യുവാവ് കുത്തേറ്റ് മരിച്ചത്.
സെപ്തംബർ 21ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പോത്ത് ഷാജി പിതൃസഹോദരീ പുത്രന്റെ വെട്ടേറ്റ് മരിച്ചിരുന്നു. ബാറിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.തലസ്ഥാനത്തെ ക്രിമിനൽ മയക്കുമരുന്ന് മാഫിയ സംഘങ്ങളെ അമർച്ചചെയ്യാൻ പൊലീസിന് കഴിയുന്നില്ലെന്ന വ്യക്തമാക്കുന്നതാണ് ഈ കൊലപാതകങ്ങൾ.
നഗരത്തിൽ നടക്കുന്ന ഭൂരിഭാഗം ആക്രമങ്ങളുടെയും പിന്നിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ്. വർഷങ്ങൾ കാത്തിരുന്ന് അവസരം കിട്ടുമ്പോൾ പക തീർക്കുന്ന സംഭവങ്ങളാണ് അധികവും. കഴിഞ്ഞദിവസം ആനയറയിൽ നടന്ന കൊലപാതകത്തിന്റെ പിന്നിലും കുടിപ്പകയാണെന്നാണ് കീഴടങ്ങിയ പ്രതികൾ പൊലീസിന് മൊഴി നൽകിയത്.
2014ൽ കാരാളി അനൂപിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിപിൻ. കുപ്രസിദ്ധ ഗുണ്ട ചാക്ക മുരുകന്റെ അടുത്ത സുഹൃത്തായിരുന്നു അനൂപ്. രണ്ട് മാസം മുൻപ് ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെ വിപിനും മുരുകനും തമ്മിലുണ്ടായ തർക്കം സംഘട്ടനത്തിലെത്തിയിരുന്നു. മുരുകന്റെ കൂടെയുണ്ടായിരുന്ന വൈശാഖിന് കുത്തേൽക്കുകയും ചെയ്തു. ഈ സംഭവത്തിൽ വിപിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും രണ്ടാഴ്ച മുൻപ് ജാമ്യത്തിലിറങ്ങി.ഈ സംഭവത്തിലുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്.
ലഹരി നുരയുന്ന തലസ്ഥാനം
കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ വില്പന നഗരത്തിൽ ഇപ്പോഴും സജീവമാണ്. ക്രിമിനൽ സംഘങ്ങൾ നടത്തുന്ന ആക്രമങ്ങൾക്ക് പിന്നിലും ലഹരിയുടെ സാന്നിദ്ധ്യമുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങൾ, കുറ്റിക്കാടുകൾ, പഴയ കെട്ടിടങ്ങൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി ലഹരിമരുന്ന് മാഫിയ സജീവമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ക്വിന്റൽ കണക്കിന് കഞ്ചാവാണ് ട്രെയിൻ മാർഗം ഓരോ മാസവും സംസ്ഥാനത്തെത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളും കഞ്ചാവുൾപ്പടെയുള്ള ലഹരിവസ്തുക്കളുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ട്.