കൊച്ചി: വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോർപ്പറേഷൻ എന്തുകൊണ്ടാണ് പിരിച്ചുവിടാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചി കോർപ്പറേഷനിൽ ചെളികൾ നീക്കാൻ കോടിക്കണക്കിന് രൂപകൾ ചെലവഴിക്കുന്നു, എന്നിട്ടും ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ സാധിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
കൊച്ചിയെ ഒരു സിംഗപ്പൂരാക്കണമെന്നല്ല ഉദ്ദേശിച്ചതെന്നും, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ സാധിക്കണമെന്നും കോടതി വ്യക്തമാക്കി. കൃത്യമായ ഭരണം നടപ്പാക്കാൻ സാധിക്കാത്ത കോർപ്പറേഷൻ പിരിച്ച് വിട്ടുകൂടെയെന്ന് ഹൈക്കോടതി ചോദിച്ചു.
സംസ്ഥാന സർക്കാർ അധികാരം വിനിയോഗിക്കണമെന്നും, ഈ വിഷയവുമായി ബന്ധപ്പെട്ട് നാളെ വിശദീകരണം നൽകണമെന്നും കോടതി നിർദേശം നൽകി. കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ വെള്ളക്കെട്ടാണ് വിമർശനത്തിന് പ്രധാന കാരണം. ഓടകളും മറ്റും വൃത്തിയാക്കുന്ന കാര്യത്തിൽ കോർപ്പറേഷന് വീഴ്ച പറ്റിയെന്നാണ് കോടതിയുടെ നിരീക്ഷണം.