ഇന്ത്യയിൽ നിന്നുള്ള സ്റ്റേജ് ഷോ പരിപാടികൾക്ക് അമേരിക്കയിൽ നിയന്ത്രണങ്ങൾ കൂടുന്നു?ഇന്ത്യയിൽ നിന്നുള്ള കലാസംഘങ്ങൾക്ക് സ്റ്റേജ്‌ഷോ പരിപാടികൾ നടത്തുന്നതിന് അമേരിക്കയിൽ നിയന്ത്രണങ്ങൾ കൂടുന്നതായി സൂചന. മലയാളത്തിലെയും മറ്റ് തെന്നിന്ത്യൻ ഭാഷകളിലെയും സിനിമാടെലിവിഷൻ താരങ്ങളുടെ പരിപാടികൾക്കാണ് അമേരിക്കയിൽ കൂടുതൽ പ്രചാരം. ഈ വർഷത്തെ സീസൺ (ഏപ്രിൽ മുതൽ നവംബർ വരെ) കഴിയാറായതോടെ ഒന്നിലധികം പരിപാടികൾക്ക് അമേരിക്കൻ ഇമിഗ്രേഷൻ വകുപ്പ് അനുമതി നിഷേധിച്ചു.
അമേരിക്കയിൽ സ്റ്റേജ്‌ഷോ പരിപാടി നടത്തുന്നതിന് അവിടെരജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇമിഗ്രേഷൻ വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണം. ഇതിലേക്കുള്ള അപേക്ഷയ്ക്ക് 5000 ഡോളർ വരെയാണ് ഫീസ്. അപേക്ഷ ഇമിഗ്രേഷൻ വകുപ്പ് അംഗീകരിച്ചാൽ മാത്രമേ കലാകാരന്മാർക്ക് പെർഫോർമൻസ് വിസയ്ക്കായി അമേരിക്കൻ എംബസിയിൽ ഇന്റർവ്യൂവിനു പോകാൻകഴിയൂ. അപേക്ഷ നിരസിച്ചാൽ വിസ ഇന്റർവ്യൂ നടക്കുകയില്ല എന്നു മാത്രമല്ല അനുമതിക്കായി ഒടുക്കിയതുകയും നഷ്ടമാകുമെന്നത് മിക്ക സംഘാടകരേയും പിന്നോക്കം പോകാൻ പ്രേരിപ്പിക്കുന്നുവത്രേ.
2019ൽ മലയാളി സംഘാടകർ നല്കിയ ഒന്നിലധികം അപേക്ഷകൾ ഇമിഗ്രേഷൻ വകുപ്പ് നിരാകരിച്ചു. സിനിമാതാരങ്ങളായ മഞ്ജുപിള്ള, മാമുക്കോയ എന്നിവർ നേതൃത്വം നല്കിയ ടീമുകൾ ഇക്കൂട്ടത്തിൽപ്പെടും. കെ.എസ്.ചിത്ര, വൈക്കം വിജയലക്ഷ്മികല്ലറ ഗോപൻ, കെസ്റ്റർ, സ്റ്റീഫൻ ദേവസി, സുരാജ്‌വെഞ്ഞാറമൂട്, ടിനി ടോം എന്നിവരുടെ ടീമുകൾക്ക് അനുമതി ലഭിച്ചിരുന്നു. മലയാള ഭാഷയുടെയും കലാരൂപങ്ങളുടേയും പ്രത്യേകതയും സാംസ്‌കാരിക പൈതൃകവും ഉൾക്കൊള്ളുന്ന കലാരൂപങ്ങൾക്കും പരിപാടികൾക്കുമാണ് പൊതുവെ അമേരിക്കൻ ഇമിഗ്രേഷൻ വകുപ്പ്അനുമതി നല്കാറുള്ളത് എന്ന് കഴിഞ്ഞ 15 വർഷമായി ഈ രംഗത്ത് നിയമോപദേശം നൽകുന്ന അഡ്വ.ലാലു ജോസഫ് പറഞ്ഞു. ആനുകാലിക രാഷ്ട്രീയ വിഷയങ്ങളെയും സാമൂഹിക പ്രശ്നങ്ങളെയും അധികരിച്ചുള്ള കോമഡി സ്‌കിറ്റുകളും മിമിക്രിയും തനതു സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികളല്ല എന്ന ചിന്തയാവാം കോമഡി താരങ്ങൾ കൂടുതലുള്ള ടീമുകൾക്ക് അംഗീകാരം നിഷേധിക്കാൻ കാരണമാവുന്നത് എന്നുവേണം കരുതാൻ. ഇത്തരം പരിപാടികൾ തനതു സാംസ്‌കാരികപൈതൃകം ഉൾക്കൊള്ളുന്നവയാണ് എന്ന് സംശയലേശമന്യേ തെളിയിക്കാനായാൽ അംഗീകാരം ലഭിച്ചേക്കാം. ഇക്കുറി അംഗീകാരം ലഭിച്ച ഭൂരിഭാഗം പരിപാടികളുടെയും നിയമോപദേഷ്ടാവായിരുന്ന ലാലു പറഞ്ഞു.
സംഗീതത്തിനും സംഗീതജ്ഞർക്കും പ്രാമുഖ്യമുള്ള പരിപാടികൾക്കാണ് ഇത്തവണ കൂടുതൽ സാദ്ധ്യതയുണ്ടായിരുന്നത് എന്ന് വൈക്കം വിജയലക്ഷ്മി-കല്ലറ ഗോപൻ ടീമിന്റെ പരിപാടി സംഘടിപ്പിച്ച സിനിമാ നിർമ്മാതാവു കൂടിയായ ഡോ.രജ്ഞിത് പിള്ള പറഞ്ഞു. മതിയായ രേഖകൾ ലഭിച്ചില്ല എന്നതും അനുമതി നിഷേധത്തിന് കാരണമായേക്കാം. അല്ലാതെ സ്റ്റേജ് ഷോ പരിപാടികൾക്ക് നിയന്ത്രണങ്ങൾ കൂടുന്നതായി കരുതാനാവില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ നിഷ്‌കർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് അമേരിക്കയിൽ നിലവിലുള്ള ഇമിഗ്രേഷൻ വ്യവസ്ഥകൾ അനുസരിച്ചാവാം- രജ്ഞിത് പറഞ്ഞു.ഗൾഫിലെപ്പോലെ നല്ലൊരു ശതമാനം മലയാളികൾ വസിക്കുന്ന അമേരിക്കയിൽ മലയാളി സ്റ്റേജ്‌ഷോ പരിപാടികൾക്ക് കുറവു വരുന്നത് നമ്മുടെ ഭാഷയും സംസ്‌കാരവും കലയും പ്രചരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തും. അമേരിക്കയിൽ സ്റ്റേജ് ഷോ പരിപാടികൾ സംവിധാനം ചെയ്തിട്ടുള്ള സിനിമാ സംവിധായകൻ ജി.എസ്. വിജയൻ പറഞ്ഞു.
മലയാള സിനിമാ താരങ്ങളുടെ നിരവധി സ്റ്റേജ്‌ഷോ പരിപാടികളാണ് വരുംവർഷം അമേരിക്കയിൽ നടക്കാനിരിക്കുന്നത്. ചില സിനിമകളുടെ ചിത്രീകരണവും നടക്കാനുണ്ട്. ഇതൊക്കെ സുഗമമായി നടക്കാനുതകുന്ന തരത്തിൽ അമേരിക്കൻ ഇമിഗ്രേഷൻ വകുപ്പിനു മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ഫൊക്കാന, ഫോമ തുടങ്ങിയ സംഘടനകൾ മുന്നോട്ടുവരണം ഫെഫ്ക ഡയറക്‌ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി കൂടിയായ വിജയൻ പറഞ്ഞു.