car

ന്യൂഡൽഹി : രാജ്യത്തെ ഗതാഗത മേഖലയിൽ മാറ്റത്തിന്റെ വിളമ്പരവുമായി ബി.എസ് VI ലേക്ക് മാറാൻ ഇനി ശേഷിക്കുന്നത് കേവലം അഞ്ച് മാസങ്ങൾ. പുകമലിനീകരണം കുറയ്ക്കാനായിട്ടാണ് ബി.എസ് VI ലേക്ക് മാറുന്നത്. 2020 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് വിൽക്കുന്ന വാഹനങ്ങൾ ബി.എസ് VI ലേക്ക് മാറ്റണമെന്ന് വാഹന നിർമ്മാതാക്കൾക്ക് സുപ്രീം കോടതി കർശനമായ നിർദ്ദേശമാണ് നൽകിയിരുന്നത്.

ഇതിനുമുൻപ് ബിഎസ് III യിൽ നിന്നും ബി.എസ് VI ലേക്ക് മാറിയപ്പോഴും അവസാനനിമിഷം വരെ കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കർശനമായ നിലപാടാണ് കോടതി സ്വീകരിച്ചത്. കോടക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ കുറഞ്ഞവിലയ്ക്ക് അവസാന നിമിഷം വിറ്റഴിക്കേണ്ട അവസ്ഥയിലേക്ക് ഡീലർമാർ എത്തിയിരുന്നു. അഞ്ചു മാസങ്ങൾക്കപ്പുറം സമാനമായ അവസ്ഥ ബി.എസ് VI ലേക്ക് എത്തുമ്പോഴും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വാഹന പ്രേമികൾ. ഇരുചക്ര വാഹനങ്ങളുടേതടക്കം വിൽപ്പനയിലുണ്ടായ മാന്ദ്യതയ്ക്ക് ഇതും കാരണമായി തീർന്നിട്ടുണ്ട്. എന്നാൽ ബി.എസ് VI അല്ലാത്ത വാഹനങ്ങൾ ഡീലർമാരുടെ പക്കൽ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകാതിരിക്കാൻ ഡീലർമാർ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം മോട്ടോർ വാഹന വിപണിയിൽ കഴിഞ്ഞ മാസവും പഞ്ഞമാസമായിരുന്നു. വിജയദശമിയും ദീപാവലിയും എക്കാലത്തെയും ആകർഷകമായ ഓഫറുകളുമൊക്കെയുണ്ടായിട്ടും വാഹനക്കച്ചവടം പച്ചപിടിച്ചില്ല. കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ മൊത്തം 12.9% ഇടിവുണ്ടായി. ത്രീവീലറുകളുടെ കാര്യത്തിൽ മാത്രമാണ് അല്പമെങ്കിലും പുരോഗതി. 1.8% വർദ്ധനവ്. ഫെഡറേഷൻ ഒഫ് ആട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം വിപണിയിലെ സ്ഥിതി ഒട്ടും ശോഭനമല്ല.

വാഹന വിപണിക്ക് പ്രോത്സാഹനമായി കേന്ദ്ര സർക്കാർ നൽകിയ നികുതിഇളവുകളും മറ്റും സെപ്തംബർ വില്പനയിൽ പ്രതിഫലിച്ചില്ല. സാധാരണയായി ഒക്ടോബർ നവംബർ മാസങ്ങളാണ് ഇന്ത്യയിൽ വാഹനവിപണിയിൽ കനത്ത വിൽപ്പനയുണ്ടാവുന്നത്. ഒക്ടോബറിൽ ദീപാവലി ആഘോഷത്തോടെ ജീവനക്കാർക്കടക്കം ലഭിക്കുന്ന ബോണസാണ് ഉത്തരേന്ത്യയിൽ വിപണിക്ക് കരുത്തേകാറുള്ളത്.