തിരുവനന്തപുരം:ലേല നടപടികളുടെ കാലാവധി തീരാൻ 10 ദിവസം മാത്രം ശേഷിക്കെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 1600 കോടി നീക്കി വച്ച് അദാനി ഗ്രൂപ്പ്. സംസ്ഥാനത്തിന്റെ അതിശക്തമായ എതിർപ്പ് വകവയ്ക്കാതെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയാണ് ലക്ഷ്യം.
നിലവിലെ 33,300ചതുരശ്രഅടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000ചതുരശ്രഅടി കൂട്ടിച്ചേർത്ത് പുതിയ ടെർമിനൽ നിർമ്മാണമടക്കം 600 കോടിയുടെ വികസനപദ്ധതികൾ നേരത്തേ എയർപോർട്ട് അതോറിട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും,നടത്തിപ്പ് സ്വകാര്യവത്കരിച്ചതോടെ മുടങ്ങിപ്പോയി. ഈ സ്ഥാനത്താണ് 1600 കോടിയുടെ വമ്പൻ പദ്ധതികളുമായി അദാനിയുടെ വരവ്. വിമാനത്താവള നടത്തിപ്പിനുള്ള ലേലത്തിൽ വിജയിച്ചെങ്കിലും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ കേസ് കൊടുത്തതിനാൽ അദാനിക്ക് കരാറൊപ്പിടാനായിട്ടില്ല. കേസിൽ അന്തിമവിധി ഉണ്ടാകും വരെ വിമാനത്താവളം അദാനിക്ക് കൈമാറരുതെന്ന് ഇടക്കാല ഉത്തരവുണ്ട്. ഹൈക്കോടതിയിലുള്ള കേസുകൾ തീർത്ത് പാട്ടക്കരാർ ഒപ്പിടാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഉയർന്ന തുക ക്വോട്ടു ചെയ്ത കമ്പനിക്ക് ലേലം ഉറപ്പിക്കുന്നതാണ് രീതിയെന്ന് കേന്ദ്ര വ്യോമയാനസഹമന്ത്രി ഹർദീപ്സിംഗ് പുരി ലോക്സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലേലനടപടികളുടെ കാലാവധി ജൂലായ്31ന് അവസാനിച്ചെങ്കിലും മൂന്ന് മാസത്തേക്ക് കേന്ദ്രം നീട്ടി. ഇത് 31ന് അവസാനിക്കും. വിമാനത്താവള നടത്തിപ്പിനായി ചീഫ്‌സെക്രട്ടറി അദ്ധ്യക്ഷനായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കമ്പനി സർക്കാരും രൂപീകരിച്ചിട്ടുണ്ട്. നിയമ പ്രശ്നങ്ങളൊഴിവാക്കാൻ അദാനിയെക്കൂടി ഉൾപ്പെടുത്തി കൺസോർഷ്യമുണ്ടാക്കാനുള്ള സർക്കാരിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.
പാട്ടക്കരാർ ഒപ്പിടുന്നതോടെ 50വർഷത്തേക്ക് വിമാനത്താവളത്തിന്റെ ഓപ്പറേഷൻ, വികസനം,നടത്തിപ്പ് എന്നിവ അദാനിക്ക് കൈമാറിക്കിട്ടും. 628.70ഏക്കർ ഭൂമിയിലാണ് വിമാനത്താവളം. 55,000ചതുരശ്രഅടിയിൽ പുതിയ ടെർമിനലുണ്ടാക്കാൻ 18ഏക്കർ ഭൂമിയേറ്റെടുക്കണം. ഇതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വികസനത്തിന് മുടക്കുന്ന 1600കോടി തിരിച്ചുപിടിക്കൽ അദാനിക്ക് ശ്രമകരമാണ്. റിയൽ എസ്റ്റേറ്റ്, വികസന സംരംഭങ്ങൾക്ക് ഭൂമി കുറവാണ്. നെടുമ്പാശേരിയിൽ 1300, കണ്ണൂരിൽ 3200, ബംഗളുരുവിൽ 5200 ഏക്കർ വീതം സ്ഥലമാണുള്ളത്. വാണിജ്യപരസ്യ മാർഗത്തിലൂടെ വരുമാനം വർദ്ധിപ്പിക്കണം. ഡ്യൂട്ടിഫ്രീ ഷോപ്പുകൾ വിസ്തൃതമാക്കുക, ആഭ്യന്തര ടെർമിനലിലും ബാർ തുറക്കുക, മുക്കിലും മൂലയിലും പരസ്യം അനുവദിക്കുക എന്നിവയെല്ലാം വേണ്ടിവരും. സെക്യൂരിറ്റി ഏരിയയിലെ കടകളുടെയും ബാറിന്റെയും വലിപ്പം അദാനിക്ക് തീരുമാനിക്കാം. കൂടുതൽ ഷോപ്പിംഗ്, സേവന കേന്ദ്രങ്ങൾ തുറക്കാം. ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഇനത്തിലും റോയൽറ്റി കിട്ടും. നെടുമ്പാശേരിയിൽ വാണിജ്യപരസ്യ മാർഗത്തിലൂടെ 700 കോടിയാണ് സിയാലിന്റെ വരുമാനം.
18,000കോടി
വിമാനത്താവള ബിസിനസ് ശക്തിപ്പെടുത്താൻ അദാനി നീക്കിവച്ചത്
10,000കോടി
തിരുവനന്തപുരം അടക്കം 5വിമാനത്താവളങ്ങളുടെ വികസനത്തിന്
സർക്കാരിന്റെ തടസവാദങ്ങൾ
സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണ്.
സർക്കാരിന്റെ അനുമതിയില്ലാതെ ഈ ഭൂമിയിൽ അദാനിക്ക് വികസനം പറ്റില്ല.
യാതൊരു മുൻപരിചയവുമില്ലാത്ത അദാനിക്ക് വിമാനത്താവളം കൈമാറരുത്.