മുംബയ്: ആംബുലൻസ് സേവനം കൃത്യസമയത്ത് ലഭിക്കാത്തതിനെത്തുടർന്ന് നടിയും നവജാത ശിശുവും മരിച്ചു. മറാത്തി നടിയായ പൂജ സഞ്ജറാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പൂജയ്ക്ക് പ്രസവ വേദന ഉണ്ടായപ്പോൾ 40 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി ബന്ധുക്കൾ ശ്രമിച്ചു. എന്നാൽ കിട്ടിയില്ല. ഒടുവിൽ നിവൃത്തിയില്ലാതെ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
പ്രസവിച്ച് മിനിറ്റുകൾക്കുള്ളിൽ നവജാത ശിശു മരണപ്പെട്ടു. കൂടാതെ നടിയുടെ ആരോഗ്യ സ്ഥിതി മോശമാവുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഒരു സ്വകാര്യ ആംബുലൻസ് കിട്ടിയത്. തുടർന്ന് ഹിംഹോളിയിലുള്ള സിവിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യാത്രാമദ്ധ്യേ പൂജയുടെ മരണം സംഭവിക്കുകയായിരുന്നു.