
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്ന റെഡ് അലേർട്ട് പിൻവലിച്ചു. ഇടുക്കി ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കനത്ത മഴയിൽ മണ്ണിടിഞ്ഞും പാളങ്ങളിൽ വെളളം കയറിയും തടസപ്പെട്ട ട്രെയിൻ ഗതാഗതം ഇന്ന് പുനഃസ്ഥാപിച്ചേക്കും. കലൂർ സബ്സ്റ്റേഷനിൽ നിന്നുളള വൈദ്യുതി വിതരണം ഇന്ന് പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു. സംസ്ഥാനത്ത് 20 ദുരിതാശ്വാസ ക്യാമ്പുകളിലായി 30506 പേരാണുള്ളത്. പകൽ സമയം സംസ്ഥാനത്ത് എവിടെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം.