malaysia-pm

കൊലാലംപൂർ : കാശ്മീർ വിഷയത്തിൽ പാകിസ്ഥാന് അനുകൂലമായി ഐക്യരാഷ്ട്ര സഭയിൽ സ്വീകരിച്ച നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ്. ജമ്മു കാശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്ന മഹാതിർ മുഹമ്മദിന്റെ പരമാർശമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. പാകിസ്ഥാനൊപ്പം ചേർന്ന് ഇന്ത്യ പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മലേഷ്യയുമായി മികച്ച വ്യാപാര ബന്ധമായിരുന്നു ഇന്ത്യയ്ക്കുള്ളത്. ലോകത്തെ രണ്ടാമത്തെ വലിയ പാമോയിലിൽ ഉത്പാദക രാജ്യമായ മലേഷ്യയിൽ നിന്നുമാണ് ഇന്ത്യ ഭക്ഷ്യ എണ്ണയുടെ സിംഹ ഭാഗവും ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ മഹാതിർ മൊഹമ്മദിന്റെ വിവാദ പ്രസംഗത്തിനുശേഷം മലേഷ്യയിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യയിലെ വ്യാപാരികളുടെ സംഘടന കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

മലേഷ്യയിൽനിന്നുള്ള പാമോയിൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും മറ്റ് ചില ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാനും ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്ന പശ്ചാത്തലത്തിലാണ് തന്റെ മുൻനിലപാടിൽ ഉറച്ചു നിൽക്കുന്നതായി മലേഷ്യൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.


അതേസമയം മലേഷ്യയുടെ പ്രധാന വരുമാനമാർഗമായ പാമോയിൽ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ഇന്ത്യയുടെ തീരുമാനം മലേഷ്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. മലേഷ്യയെ ഒഴിവാക്കി, ഇന്തോനേഷ്യ, അർജന്റീന, ഉക്രെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പാമോയിൽ വാങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് പ്രതിവർഷം 9 ദശലക്ഷം ടണ്ണിലധികം പാമോയിലാണ് ഇന്ത്യ വാങ്ങുന്നത്. മലേഷ്യൻ പാമോയിൽ ബോർഡിന്റെ കണക്കനുസരിച്ച് 2019ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏറ്റവുമധികം പാമോയിൽ വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടൺ.