
കൊച്ചി: സംവിധായകൻ ശ്രീകുമാർമേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് കാണിച്ച് നടി മഞ്ജു വാര്യർ ഫെഫ്‌കയ്ക്ക് നൽകിയ കത്തിൽ സംഘടനയ്‌ക്ക് ഇടപെടാൻ പരിമിതിയുണ്ടെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനൽ കേസായതിനാൽ സംഘടനയ്ക്ക് ഇടപെടാനാകില്ല. ശ്രീകുമാർ മേനോൻ ഫെഫ്ക അംഗമല്ലെന്നും ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഇന്നുരാവിലെയാണ് ശ്രീകുമാർ മേനോനെതിരായ പരാതിയിൽ മഞ്ജു വാരിയർ ഫെഫ്കയുടെ പിന്തുണ തേടിയത്.
"മഞ്ജു കത്തു നൽകിയെന്ന് പറയുന്നത് ഒരു പരാതിയായല്ല. ഒരു അറിയിപ്പായിരുന്നു നൽകിയത്. ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. എല്ലാ വിഷയത്തിലും സംഘടനയുടെ പിന്തുണ തനിക്ക് കിട്ടിയിട്ടുണ്ട്. ഈ വിഷയത്തിലും ഉണ്ടാവണം എന്നായിരുന്നെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സംഘടനയ്ക്ക് നിലപാടെടുക്കാൻ സാധിക്കില്ല. ക്രിമിനൽ കുറ്റമാണ്"-അദ്ദേഹം പറഞ്ഞു.
അതേസമയം, ശ്രീകുമാർ മേനോനെതിരായ മഞ്ജുവിന്റെ പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. ഡി.ജി.പിക്ക് നൽകിയ പരാതി പ്രത്യേക സംഘമാണ് അന്വേഷിക്കുക. പൊലീസ് ആസ്ഥാനത്തെ ഡി.വൈ.എസ്.പി രാജ്കുമാറിന്റെ നേതൃത്വത്തിൽ സി.ഐ പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണ സംഘം ശ്രീകുമാർ മേനോന്റെ മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് താരം തന്നെ സംവിധായകൻ ശ്രീകുമാർ മേനോൻ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കാണിച്ച് മഞ്ജു ഡി.ജി.പിക്ക് പരാതി നൽകിയത്. ശ്രീകുമാർ തനിക്കൊപ്പം നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, നടി എന്ന നിലയിൽ തന്നെ തകർക്കാൻ സംഘടിതമായ നീക്കം നടത്തുകയാണ് തുടങ്ങിയവയായിരുന്നു പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.