inspirationa-speech

അലീസിയ കൊസാക് കൊസാക്കെവിസ്ക് എന്ന 33 കാരി ഒരുപാട് പേർക്ക് ജീവിക്കാനുള്ള പ്രചോദനമാണ്. തന്റെ 13ാം വയസിൽ അതിഭീകരമായ ഒരു അനുഭവത്തിലൂടെയാണ് അലീസിയ കടന്നുപോയത്. അമേരിക്കയിലെ പിറ്റ്സ്ബർഗിലായിരുന്നു അലീസിയയുടെ വീട്.

ഓൺലൈൻ വഴി പരിചയപ്പെട്ട ഒരാളാൽ തട്ടിക്കൊണ്ടുപോകപ്പെട്ടു. കാറിലായിരുന്നു അക്രമി സംഘം അലീസിയയെ കൊണ്ടുപോയത്. വണ്ടി ഓരോ ടോൾ ബൂത്തിലെത്തുമ്പോഴും അവിടെ പണം പിരിക്കാൻ നിൽക്കുന്നവർ കരഞ്ഞുകൊണ്ടിരിക്കുന്ന തന്നെ ശ്രദ്ധിക്കുമെന്നും,​ അങ്ങനെ രക്ഷപ്പെടാൻ സാധിക്കുമെന്നും അലീസിയ പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു.

എന്നാൽ അങ്ങനൊന്നും സംഭവിച്ചില്ല. അസ്വഭാവികതയോടെ പെരുമാറരുതെന്ന് അക്രമി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് നാല് ദിവസത്തോളം അതിഭീകരമായ പീഡനം സഹിച്ചു. കൂടാതെ അക്രമി ദൃശ്യങ്ങൾ ഫോണിൽ പകർത്തി ലൈവ് സ്ട്രീമിംഗും നടത്തി. അലീസിയയെ പരിചയമുള്ള ഒരു വ്യക്തി ഇത് കാണുകയും,​ പൊലീസിനെ അറിയിക്കുകയും ചെയ്തു.

അങ്ങനെ നാല് ദിവസത്തിന് ശേഷം പുറത്തെത്തിയെങ്കിലും മാനസികമായും ശാരീരികമായും തളർന്നു പോയിരുന്നു. തുടർന്ന് നിരവധി തവണ കൗൺസിലിംഗിന് വിധേയായി. ജീവിതം അവസാനിച്ചുവെന്ന് പലരും വിധിയെഴുതി,​ എന്നാൽ വളരെ പെട്ടെന്ന് തന്നെ ഉയർത്തെഴുന്നേറ്റു.

പതിനാലാം വയസുമുതൽ സ്കൂളുകളിലും കോളേജുകളിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താൻ തുടങ്ങി. ചിക്കാഗോയിലെ കോളജില്‍നിന്ന് ഫൊറന്‍സിക് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ അലീസ ഇപ്പോൾ എയര്‍ലൈന്‍സ് അംബാസഡേഴ്സ് ഇന്റര്‍നാഷണല്‍ എന്ന സംഘടനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിമാനയാത്രക്കാരെയും ജീവനക്കാരെയും ബോധവൽക്കരിക്കാനാണ് എയർലൈൻസ് അംബാസഡേഴ്സ് ഇൻറർനാഷണൽ എന്ന ഈ സംഘടന ശ്രമിച്ചുകൊണ്ടിരിക്കുന്നത്.