ഏതാനും വർഷം മുമ്പ് വരെ ദേശീയപാതയിലൂടെ കൊല്ലം വഴി കടന്നുപോകുന്നവർ റെയിൽവെ സ്റ്റേഷന് മുന്നിലെത്തുമ്പോൾ നല്ലൊരു കാഴ്ച കാണുമായിരുന്നു. മുളങ്കാലുകളിൽ ഉയർത്തിയ അയകളിൽ പാറിക്കളിക്കുന്ന വസ്ത്രങ്ങൾ. റോഡിനിരുവശത്തും പാറിപ്പറക്കുന്ന വസ്ത്രങ്ങളിലേറെയും പശയിട്ട് വടിവാർന്നവ. നഗരത്തിലെ വി.ഐ.പി കൾ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെയൊക്കെ വസ്ത്രങ്ങളുടെ ധവളിമയൊന്നും അത് അലക്കി വിരിച്ചവരുടെ ജീവിതത്തിൽ ഇല്ലെന്നറിയണമെങ്കിൽ ഇതിനോടടുത്ത് ഇടിഞ്ഞു പൊളിഞ്ഞ പടികളിലൂടെ താഴേയ്ക്കിറങ്ങിയാൽ മതിയാകും. അലക്ക്കുഴി കോളനിയെന്നറിയപ്പെടുന്ന ഇവിടെ 22 ഓളം കുടുംബങ്ങൾ യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ തിങ്ങിപ്പാർക്കുന്നു. നഗരത്തിലെ വി.ഐ.പികളുടെ വസ്ത്രങ്ങളുടെ വിഴുപ്പകറ്റി ജീവിതം തള്ളിനീക്കിയിരുന്ന ഇത്രയും കുടുംബങ്ങൾ നഗരഹൃദയത്തിൽ തീപ്പെട്ടി അടുക്കിയതുപോലുള്ള കൊച്ചുവീടുകളിൽ പതിറ്റാണ്ടുകളായി ദുരിതജീവിതം നയിക്കുന്നുവെന്നത് കൊല്ലം നിവാസികളിൽ പലർക്കും അജ്ഞാതമായിരുന്നു.
മഴ പെയ്താൽ മുങ്ങുന്ന കോളനി
അലക്ക്കുഴി കോളനിവാസികളുടെ ജീവിതം എന്നും ദുരിതത്തിലായിരുന്നു. നല്ലൊരു മഴ പെയ്താൽ മതി, ഇവരുടെ വീടും തൊഴിലും മുങ്ങും. പല മഴക്കാലത്തും ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ പുനരധിവസിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി താമസിക്കുന്ന ഇവർക്ക് പട്ടയമോ മറ്റ് കൈവശാവകാശ രേഖകളോ ഇല്ല. ഇതുവഴിയൊഴുകുന്ന തോട്ടിലെ വെള്ളത്തിലാണ് കാലങ്ങളായി വസ്ത്രങ്ങൾ അലക്കിയിരുന്നത്. ഇവരുടെ പുനരധിവാസത്തെക്കുറിച്ച് മുമ്പ് നഗരഭരണം നടത്തിയവരൊന്നും കാര്യമാക്കിയതുമില്ല.
ദു:ഖമറിഞ്ഞത് മേയർ
ഒരു മഴക്കാലത്ത് അലക്ക് കോളനി വെള്ളത്തിൽ മുങ്ങിയപ്പോൾ കോളനിവാസികളുടെ ദുരിതം നേരിട്ട് കാണാനെത്തിയതാണ് കൊല്ലം മേയർ വി.രാജേന്ദ്രബാബു. അറിഞ്ഞതിനെക്കാൾ ദയനീയമായ അലക്കു തൊഴിലാളികളുടെ ജീവിതം നേരിൽ കണ്ടതോടെയാണ് സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാനും അവരുടെ അലക്ക് തൊഴിൽ മെച്ചപ്പെട്ട രീതിയിൽ തുടരാനുമുള്ള സൗകര്യത്തെപ്പറ്റി മേയർ ചിന്തിച്ചത്. മറ്റൊരു സ്ഥലത്തേക്ക് പുനരധിവാസം നൽകിയാൽ പോകാമോ എന്ന് കോളനിവാസികളോട് മേയർ ആരാഞ്ഞു. തലമുറകളായി താമസിക്കുന്നവർക്ക് കോളനിയുമായുള്ള പൊക്കിൾകൊടി ബന്ധം അത്രവേഗത്തിൽ പറിച്ചെറിയാവുന്നതായിരുന്നില്ല. എന്നാൽ മെച്ചപ്പെട്ട ജീവിതസൗകര്യവും തൊഴിൽ സൗകര്യങ്ങളും ഒരുക്കി നൽകാമെന്ന് മേയർ ഉറപ്പ് നൽകിയതോടെ 20 കുടുംബങ്ങളും ആ വാഗ്ദാനത്തെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. രണ്ട് പേർമാത്രം എതിർപ്പറിയിച്ചു. തങ്ങൾക്ക് പണം നൽകിയാൽ മതിയെന്നായി അവർ. എന്നാൽ സ്വന്തമായി സ്ഥലമുണ്ടെങ്കിൽ വീട് വയ്ക്കാൻ പണം നൽകാമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. പുനരധിവാസത്തിനായി നഗരസഭ അടിയന്തരമായി പദ്ധതി രൂപീകരിച്ചു. ആ പദ്ധതിയുടെ സാക്ഷാത്കാരമാണ് ഇന്ന് പൂവണിയുന്നത്.
അലക്ക്കുഴി കോളനി വാസികളായ 20 കുടുംബങ്ങൾക്ക് മുണ്ടയ്ക്കൽ കാക്കത്തോപ്പിന് സമീപം ഒരേക്കറോളം സ്ഥലത്ത് നിർമ്മിച്ച 20 വില്ലകളുടെ താക്കോൽദാനം ഇന്ന് വൈകിട്ട് നാലിന് മന്ത്രി എ.സി . മൊയ്തീൻ നിർവഹിക്കും. അലക്ക് തൊഴിലാളികളുടെ ജീവിതത്തെ അലക്കുകുഴിയിൽ നിന്ന് എന്നേക്കുമായി കരകയറ്റാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു.
ഓരോ വില്ലയ്ക്കും
10.5 ലക്ഷം രൂപ ചെലവ്
10.5 ലക്ഷം രൂപയാണ് ഓരോ വില്ലയുടെയും നിർമ്മാണ ചെലവ്. ഇതിൽ നാലുലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ നിന്നുള്ള വിഹിതമാണ്. ശേഷിക്കുന്ന 6.5 ലക്ഷം രൂപ സർക്കാർ അനുമതിയോടെ നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് കണ്ടെത്തി. 2.80 കോടി രൂപയാണ് പുനരധിവാസത്തിനായി കോർപറേഷൻ മാറ്റിവച്ചത്. മൂന്ന് സെന്റിൽ 500 ചതുരശ്രയടി വിസ്തീർണമുള്ള ഓരോ വില്ലയിലും രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളുണ്ട്. മുറികളെല്ലാം ടൈൽപാകി മോഡിയാക്കിയത്. ഓരോ വീട്ടിലേക്കും മൂന്നരമീറ്റർ വഴി, കൂടാതെ പ്രത്യേകം വൈദ്യുതി, വാട്ടർ കണക്ഷനുകൾ. സംസ്ഥാന കുടുംബശ്രീ മിഷൻ വില്ലകളുടെ നിർമ്മാണ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ജനുവരി ഒന്നിനാണ് മിഷന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘം വില്ലകളുടെ നിർമ്മാണം തുടങ്ങിയത് .
പുതിയ സ്ഥലത്ത് അലക്ക് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാനും നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തുണി അലക്കാനാവശ്യമായ അലക്ക് കല്ലുകൾ നിർമ്മിക്കുന്നതിനൊപ്പം വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ കിണറുകളും കുളവും നിർമ്മിച്ച് നൽകും.
നഗരഹൃദയത്തിലെ അലക്ക്കുഴി കോളനിയിലെ 60 സെന്റ് സ്ഥലം ഇനി മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രമാക്കി മാറ്റാനാണ് നഗരസഭയുടെ പദ്ധതി. കോളനിവാസികളെ പുനരധിവസിപ്പിച്ച ശേഷം പദ്ധതി നടത്തിപ്പിലേക്ക് നഗരസഭ കടക്കും.