suresh-kummanam-

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഇരുമുന്നണികളും താൻ ദുർബലനെന്ന് പ്രചരിപ്പിച്ച് ബി.ജെ.പിയുടെ മനോവീര്യം കെടുത്തിയെന്ന് ബി.ജെ.പി സ്ഥാനാർത്ഥി എസ്.സുരേഷ്. മണ്ഡലത്തിൽ വി.കെ പ്രശാന്തിനെ ജയിപ്പിക്കാൻ യു.ഡി.എഫ്, എൽ.ഡി.എഫിന് വോട്ട് മറിച്ചെന്നും അദേഹം ആരോപിച്ചു. എൻ.എസ്.എസ് യു.ഡി.എഫിന് പിന്തുണ നൽകിയത് പ്രശാന്തിന് പരോക്ഷമായി ഗുണം ചെയ്‌തെന്നും സുരേഷ് പറയുന്നു. സുരേഷ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു.

ദുർബലനെന്ന് പ്രചരിപ്പിച്ചത് ദോഷം ചെയ്തു

മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി ആയാണ് ഞാൻ മത്സര രംഗത്തെത്തിയത്. ഞാൻ ദുർബലനായ സ്ഥാനാർത്ഥി എന്നായിരുന്നു യു.ഡി.എഫിന്റേയും എൽ.ഡി.എഫിന്റേയും പ്രധാന പ്രചാരണം. അത്തരത്തിലുളള പ്രചാരണം ആദ്യഘട്ടത്തിൽ വലിയ തോതിൽ ബി.ജെ.പി പ്രചാരണത്തിന് ദോഷം ഉണ്ടാക്കി. എന്നെയും കുമ്മനത്തെയും ഇക്കാര്യങ്ങൾ വ്യക്തിപരമായി ബാധിച്ചു. മുന്നണികളുടെ തെറ്റായ പ്രചാരണം ഞങ്ങളുടേയും ബി.ജെ.പിയുടെ തഴേത്തട്ടിലെ പ്രവർത്തകരുടേയും ആത്മവിശ്വാസം കെടുത്തി. മണ്ഡലത്തിൽ ബി.ജെ.പിയെ അവഗണിച്ച് മുന്നോട്ട് പോകാനുളള ശ്രമമാണ് ഇരു മുന്നണികളും നടത്തിയത്. എന്നാൽ, പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ ഇതെല്ലാം അവഗണിച്ച് ബി.ജെ.പി മേൽക്കൈ നേടി. ഒന്നാം സ്ഥാനത്ത് ഞങ്ങളെത്തുമെന്ന് ഉറപ്പായിരുന്നു. അതിനെ അതിജീവിക്കാനായി ഏത് കളിയാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ കളിച്ചതെന്ന് കണ്ടറിയാൻ ഇനി രണ്ട് ദിവസം മതിയല്ലോ.

suresh-kummanam-

യു.ഡി.എഫ് വോട്ട് മറിച്ചു

പലയിടത്തും യു.ഡി.എഫ് പോക്കറ്റ് നിഷ്‌ക്രിയമായിരുന്നു. വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ ഇരിക്കാൻ പോലും അവർക്ക് ആളില്ലാത്ത അവസ്ഥയിരുന്നു. പല നേതാക്കളും സുപ്രധാന ഘട്ടത്തിൽ രംഗത്ത് വന്നില്ല. കെ.മുരളീധരനെ പോലെയുള്ളവർ കൊട്ടിക്കലാശത്തിൽ നിന്ന് മാറി നിന്നു. ഇതിലെല്ലാം ചില സംശയങ്ങളുണ്ട്. തിരുവനന്തപുരം നഗരത്തിൽ കാലാകാലങ്ങളായി സി.പി.എമ്മും കോൺഗ്രസും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. കഴിഞ്ഞ നാല് വർഷമായി വി.കെ പ്രശാന്തിനെ മേയറായി നിലനിറുത്തുന്നത് യു.ഡി.എഫാണ്. കുമ്മനത്തെ തോൽപ്പിക്കാൻ സി.പി.എം തനിക്ക് വോട്ട് നൽകിയെന്ന് കെ.മുരളീധരൻ പരസ്യമായി പറഞ്ഞ കാര്യം മറക്കരുത്. ഒ.രാജഗോപാലിനെ തോൽപ്പിക്കാൻ കോൺഗ്രസ് സി.പി.എമ്മിന് വോട്ട് മറിച്ച ഉദാഹരണവും മുന്നിലുണ്ട്. വോട്ട് കച്ചവടവും ക്രോസ് വോട്ടിംഗും ഇരുമുന്നണികളും കാലാകാലങ്ങളായി തുടർന്ന് വരുന്ന പ്രക്രിയയാണ്. പ്രശാന്ത് മേയർ സ്ഥാനം രാജിവയ്ക്കാതെ മത്സരിച്ചതിൽ തന്നെ ദുരൂഹതയുണ്ട്. ഇതൊക്കെ നടന്നത് യു.ഡി.എഫിന്റെ അറിവോടെയായിരുന്നു.

എൻ.എസ്.എസ് പിന്തുണ ഗുണം ചെയ്യില്ല

എൻ.എസ്.എസ് യു.ഡി.എഫിന് പിന്തുണ നൽകിയതിനെപ്പറ്റി കൂടുതലായി അറിയില്ല. എന്തായാലും എൻ.എസ്.എസിന്റെ വോട്ട് പൂർണമായും യു.ഡി.എഫിന് ലഭിക്കില്ലെന്ന് ഉറപ്പാണ്. എൻ.എസ്.എസിലെ കോൺഗ്രസ് വോട്ടുകൾ അവർക്ക് തന്നെ ലഭിക്കും. ഈ മണ്ഡലം യു.ഡി.എഫിന് കിട്ടാത്ത സാഹചര്യത്തിൽ എൻ.എസ്.എസ് യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല. എൻ.എസ്.എസ് കോൺഗ്രസിനെ പിന്തുണച്ചതോടെ മറ്റ് എല്ലാ സമുദായങ്ങളുടേയും വോട്ട് പ്രശാന്തിന് പേയോ എന്ന കാര്യത്തിൽ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു.

ബി.ജെ.പി വോട്ട് മറിച്ചില്ല

എൻ.എസ്.എസ് യു.ഡി.എഫിന് പിന്തുണ നൽകിയത് കൊണ്ട് കെ.മോഹൻകുമാർ ജയിക്കാതിരിക്കാൻ ഞങ്ങൾ എൽ.ഡി.എഫിന് വോട്ട് മറിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ മത്സരിച്ചത്. കോൺഗ്രസിനേയും സി.പി.എമ്മിനേയും അകറ്റി നിറുത്തുകയാണ് ഞങ്ങളുടെ പ്രഖ്യാപിത നിലപാട്. പശ്ചിമ ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിനെ ഞങ്ങൾ തുടച്ച് നീക്കി. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുക്ത ഭാരതത്തിനായി ഞങ്ങൾ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ, കോൺഗ്രസിനേയും സി.പി.എമ്മിനേയും സംബന്ധിച്ച് ശത്രുവിന്റെ ശത്രു മിത്രമാണ്.

എക്സിറ്റ് പോളിൽ വിശ്വാസമില്ല

എക്സിറ്റ് പോളൊക്കെ ശരിയാകുമെങ്കിൽ കുമ്മനം ഇന്ന് എം.പിയായി പാർലമെന്റിൽ ഇരിക്കുമായിരുന്നു. പാലായിൽ യു.ഡി.എഫ് ജയിക്കുമായിരുന്നു. അതുകൊണ്ട് എക്സിറ്റ് പോളിലൊന്നും വിശ്വാസമില്ല. മറ്റന്നാൾ വരെ കാത്തിരിക്കാം.