jolly-

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ പ്രതിയായ ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന ആരോപണത്തിൽ റവന്യൂ വകുപ്പ് നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിൽ. വില്ലേജ് ഓഫീസിലെ രേഖകളുടെ പരിശോധന പൂർത്തിയായതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി കളക്ടർ സി. ബിജു പറഞ്ഞു. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. അതേസമയം കൂടത്തായി വില്ലേജ് ഓഫീസിൽ ജോലി ചെയ്തിരുന്ന മുഴുവൻ മുൻ ജീവനക്കാരും കടുത്ത ആശങ്കയിലാണ്. തങ്ങൾ അറിയാതെ ഏതെങ്കിലും രേഖയിൽ ഒപ്പിട്ട് പോയിട്ടുണ്ടോയെന്ന ആശങ്കയിലാണ് പലരും. താമരശേരി ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ജയശ്രീയുടെ നിർദ്ദേശത്തിൽ അന്നത്തെ കൂടത്തായി വില്ലേജ് ഓഫീസർ കിഷോർ ഖാനാണ് പൊന്നാമറ്റത്തെ ടോം തോമസിന്റെ പേരിലുള്ള ഭൂമിയുടെ നികുതി വ്യാജ ഒസ്യത്തിന്റെ അടിസ്ഥാനത്തിൽ ജോളിയുടെ പേരിൽ സ്വീകരിച്ചത്.

വില്ലേജ് ഓഫീസർമാരായി ജോലി ചെയ്തിരുന്നവർ ഒന്നോ രണ്ടോ പ്രൊമോഷൻ കിട്ടി വിരമിക്കാറായവരാണ്.

റിപ്പോർട്ടിൽ തങ്ങൾക്കെതിരെ വല്ല പരാമർശവും ഉണ്ടായാൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുമോയെന്ന ആശങ്കയിലാണ് ഇവർ. ഇതോടൊപ്പം ജോളിയെ സഹായിച്ചുവെന്ന ദുഷ്‌പേരും ഇവർ ഭയക്കുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിനോടാണ് അന്വേഷണം നടത്താൻ നിർദ്ദേശിച്ചത്. അദ്ദേഹം കോഴിക്കോട് ഭൂപരിഷ്കരണ ഡെപ്യൂട്ടി കളക്ടർ സി. ബിജുവിനെ ചുമതലപ്പെടുത്തുകയായിരുന്നു. കളക്ടറേറ്റിലെ തെളിവെടുപ്പിന് ശേഷം കൂടത്തായി വില്ലേജ് ഓഫീസിലെ മുഴുവൻ രേഖകളും അദ്ദേഹം പരിശോധിച്ചു.