jolly-thomas-

കോഴിക്കോട്: അഴിക്കുംതോറും മുറുകുകയാണ് കൂടത്തായി കേസ്. ഇതിന്റെ വ്യാപ്തി വളരെ കൂടുതലാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ തന്നെ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയതാണ്. കേസിലെ ദുരൂഹതയായി ഇപ്പോൾ മുഖ്യപ്രതി ജോളി ഉൾപ്പെടെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പരുകളും മാറിയിരിക്കുകയാണ്.

ജോളി ഉപയോഗിച്ചുവരുന്നത് ഇവരുടെ സുഹൃത്ത് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായിരുന്ന ജോൺസന്റെ സിംകാർഡ് ആയിരുന്നുവെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ജോളി പലപ്പോഴായി നടത്തിയ കോയമ്പത്തൂർ യാത്രകളും ജോൺസനോടൊപ്പം പലതവണ യാത്ര നടത്തിയതായും വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ജോൺസണുമായി ജോളിക്കുണ്ടായിരുന്ന കൂടുതൽ ബന്ധങ്ങൾ തന്നെയാണ് പുറത്തുവരുന്നതും.

മൊബൈൽ നമ്പറുകൾ പരസ്പരം മാറ്റി ഉപയോഗിക്കാൻ ജോളിക്ക് ഇയാളുടെ സഹായം ലഭിച്ചതായാണ് വിവരം പുറത്തുവരുന്നത്. ഇതിന്റെ ചുരുളഴിക്കാനും നെട്ടോട്ടമോടുകയാണ് പൊലീസ്. സംഭവം കൂടുതൽ സങ്കീർണമാവുകയാണ്. തീരെ നിസാരമെന്ന് കരുതിയ പല സംഭവങ്ങളും ഇഴകീറി പരിശോധിക്കമ്പോൾ അന്വേഷണ സംഘത്തിന് പുതിയ സംശങ്ങൾ ഉടലെടുക്കുകയാണ്.

ജോളി 2011ൽ കൊലപ്പെടുത്തിയ ആദ്യ ഭർത്താവ് റോയിയുടെ മൊബൈൽ നമ്പർ സുഹൃത്തായ ജോൺസൺ അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റി ഉപയോഗിച്ചതായാണ് പറയുന്നത്. ജോളി ഉപയോഗിച്ചുവെന്ന് പറയുന്നതാകട്ടെ ജോൺസന്റെ നമ്പരും. ബി.എസ്.എൻ.എല്ലിലെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ജോൺസൺ റോയിയുടെ നമ്പർ തന്റെ പേരിലേക്ക് മാറ്റിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം. ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ 2016ൽ കൊല്ലപ്പെട്ട സിലിയുടെ നമ്പർ ഷാജുവിന്റെ പേരിലേക്ക് മാറ്റി ഉപയോഗിച്ചതായും പറയുന്നു.

ഇപ്പോൾ എവിടെനിന്നും ആർക്കും വേണ്ടുന്ന രേഖകളുമായി ചെന്നാൽ ഏത് കമ്പനിയുടെയും സിം കാർഡുകൾ കിട്ടുമെന്നിരിക്കെ ഇവരെന്തിനാണ് മരണപ്പെട്ടവരുടെ ഫോൺ നമ്പരുകൾ തുടർന്നും മറ്റൊരു പേരിലേക്ക് മാറ്റി ഉപയോഗിച്ചതെന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്ന സംശയം. ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്ന ജോൺസണിന് കൊലപാതകത്തെ കുറിച്ച് എന്തെങ്കിലും അറിവുണ്ടായിരന്നോ എന്ന കാര്യം അന്വേഷണസംഘത്തിന് ഇതുവരെ ബോധ്യമായിട്ടില്ല. എന്നാൽ ഈ നമ്പരുകൾ അദ്ദേഹത്തിന്റെ അറിവോടെയാണ് മാറ്റിയിരിക്കുന്നതെങ്കിൽ സംശയം വർദ്ധിക്കുകയാണ്.

ഇതിന് പിന്നിലെ നിഗൂഢതകൾ കണ്ടെത്താൻ കഴിഞ്ഞാൽ കേസിൽ അത് നിർണായകമാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. തുടക്കത്തിൽ അന്വേഷണ സംഘം മൊബൈൽ ഫോൺ നമ്പറുകൾ മാറി ഉപയോഗിക്കുന്നത് ഗൗരവമായി എടുത്തിരുന്നില്ലെന്നാണ് പറയുന്നത്. ജോളിയെ വീണ്ടും കസ്റ്റഡിയിൽ കിട്ടിയാൽ ഇത്തരം കാര്യങ്ങളെ കുറിച്ച് ചോദിച്ചറിയും. വേണമെങ്കിൽ ജോൺസണെ വീണ്ടും ചോദ്യംചെയ്‌തേക്കുമെന്നും സൂചനയുണ്ട്. മാത്രമല്ല, മൊബൈൽ നമ്പർ സംബന്ധിച്ച അന്വേഷണത്തിന് സൈബർ സെല്ലിന്റെ സേവനവും തേടിയേക്കും.