ടോറന്റോ: വീണ്ടും കാനഡയുടെ പ്രധാനമന്ത്രിയായി ജസ്റ്റിൻ ട്രൂഡോ തിരഞ്ഞെടുക്കപ്പെട്ടു. 338 അംഗ സഭയിൽ 156 സീറ്റാണ് ലിബറൽ പാർട്ടിക്ക് ലഭിച്ചത്. നേരിയ ഭൂരിപക്ഷത്തിനാണ് ജസ്റ്റിൻ ട്രൂഡോ വിജയിച്ചത്. 122 സീറ്റാണ് മുഖ്യ പ്രതിപക്ഷപാർട്ടിയായ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിച്ചത്. ട്രൂഡോയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്വിറ്ററിലൂടെ രംഗത്തെത്തി.
Congratulations to @JustinTrudeau on a wonderful and hard fought victory. Canada is well served. I look forward to working with you toward the betterment of both of our countries!
— Donald J. Trump (@realDonaldTrump) October 22, 2019
അതേസമയം, പ്രതീക്ഷകൾക്കതീതമായ വിജയമായിരുന്നു 2015-ലെ പാർലെമെന്റ് തിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോ നേതൃത്വം നൽകിയ ലിബറൽ പാർട്ടിക്ക് കാനഡയിലെ വോട്ടർമാർ നൽകിയത്. 338 അംഗ പാർലമെന്റിൽ 184 സീറ്റുകളാണ് ലിബറൽ പാർട്ടിക്ക് അന്ന് ലഭിച്ചത്. ജനങ്ങളുമായി ഇഴുകിചേർന്ന് അവരിലൊരാളായി മാറിക്കൊണ്ടുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് വോട്ടർമാർ നൽകിയ അംഗീകാരമായിരുന്നു നാല്പത്തിരണ്ടുകാരനായ ട്രൂഡോയ്ക്ക് ലഭിച്ചത്.
ട്രൂഡോയുടെ ജനപ്രീതിയിൽ കാര്യമായ ഇടിവാണ് ഇത്തവണ സംഭവിച്ചത്. 2015-ൽ ട്രൂഡോയെ അംഗീകരിച്ചവർ 62 ശതമാനമായിരുന്നു. എന്നാൽ ഭൂരിപക്ഷം വോട്ടർമാർ അദ്ദേഹത്തെ അംഗീകരിക്കുന്നില്ലെന്ന് 2019 ആഗസ്റ്റ് ആദ്യവാരത്തിൽ നടത്തിയ ആൻഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് സർവേ ഫലങ്ങൾ വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ വൻ സാമ്പത്തിക ശക്തികളിലൊന്നായ കാനഡയുടെ ആഭ്യന്തരരംഗം പൊതുവേ ശാന്തമാണ്. തൊഴിലില്ലായ്മ, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.6 ശതമാനം മാത്രമാണ്. സമ്പദ് വ്യവസ്ഥയും ആരോഗ്യകരമായ അവസ്ഥയിലാണ്. തന്റെ മന്ത്രിസഭയിൽ അമ്പത് ശതമാനം വനിതാമന്ത്രിമാരെ ഉൾപ്പെടുത്തി, ലിംഗസമത്വത്തിന് ചരിത്രം സൃഷ്ടിച്ച നേതാവാണ്, മുൻ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോയുടെ മകനായ ജസ്റ്റിൻ ട്രൂഡോ.
പൊതുതിരഞ്ഞെടുപ്പിന്റെ തീരശ്ശീല ഉയരുന്ന സമയത്താണ് ട്രൂഡോയ്ക്കെതിരെ വംശീയ അധിക്ഷേപ വിവാദം ഉയർന്നത്. ട്രൂഡോയുടെ 29-ാം വയസിൽ അദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സ്കൂളിൽ നടത്തിയ ഒരു പാർട്ടിയിൽ നിന്നുമുള്ള ചിത്രമാണ് വംശീയ അധിക്ഷേപ വിവാദത്തിലേക്ക് നയിച്ചത്. മുഖത്തും കഴുത്തിലും കൈകളിലും കറുത്ത നിറം തേച്ചുപിടിപ്പിച്ച് ട്രൂഡോ, കറുത്ത വർഗക്കാരെ ആക്ഷേപിക്കുകയായിരുന്നുവെന്നതാണ് ആരോപണം. തുടർന്ന് അദ്ദേഹം മാപ്പുപറഞ്ഞ്, വിവാദത്തിൽ നിന്നും തലയൂരി. പ്രധാനമന്ത്രിയായ ശേഷം, ഉയർന്ന ഈ വിവാദങ്ങളാണ് അദ്ദേഹത്തിന്റെ ജനസമ്മതി കാര്യയായി കുറയാൻ ഇടയാക്കിയത്. അഴിമതിരഹിതനായ നേതാവെന്ന ട്രൂഡോയുടെ പ്രതിച്ഛായ ഇന്നില്ല. ജനങ്ങൾ അദ്ദേഹത്തെ സംശയദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങി. എത്തിക്സ് കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്ന ശേഷം, തനിയ്ക്ക് തെറ്റുപറ്റിയെന്ന് അദ്ദേഹം ഏറ്റുപറഞ്ഞിരുന്നു. തെറ്റു തിരുത്തുമെന്നും ഭാവിയിൽ ആവർത്തിക്കില്ലെന്നും അദ്ദേഹം ജനങ്ങൾക്ക് വാഗ്ദാനം നൽകി. തെറ്റുപറ്റിയെന്ന പരസ്യ പ്രഖ്യാപനത്തിന് ശേഷം, നടന്ന അഭിപ്രായ സർവേകളിൽ അദ്ദേഹവും ലിബറൽ പാർട്ടിയും തുടർച്ചയായി നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും വ്യത്യസ്തമായി കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ട്രൂഡോ പിന്തുടരുന്നത്.