നടൻ ഷെയ്‌ൻ നിഗമുമായുള്ള വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ പുതിയ വിമർശനങ്ങൾക്ക് തിരികൊളുത്തി നിർമ്മാതാവ് ജോബി ജോർജിന്റെ ശബ്‌ദരേഖ പുറത്ത്. വെയിൽ എന്ന തന്റെ ചിത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഷെയ്ൻ നിഗമിന് ഒരു കരിയർ ഉണ്ടാകില്ലെന്നും, ഒരു വണ്ടികൊണ്ടുവന്നിടിപ്പിച്ച് താരത്തെ തകർക്കുമെന്നും ജോബി ജോർജ് പറയുന്നതാണ് പുറത്തുവന്നിരിക്കുന്ന ശബ്‌ദരേഖ. മലയാളത്തിലെ തന്നെ ഒരു യുവസംവിധായികയോടാണ് ജോബി ഇക്കാര്യം വ്യക്തമാക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടയിൽ തലമുടിയുടെ ഗെറ്റപ്പ് മാറിപ്പോയതിനാൽ തനിക്കെതിരെ ജോബി വധഭീഷണി ഉയർത്തി എന്നായിരുന്നു ഷെയ്‌നിന്റെ ആരാപണം. തുടർന്ന് ജോബിക്കെതിരെ താരസംഘടനയായ അമ്മയ്‌ക്ക് ഷെയ്ൻ കത്തും നൽകി. ഇതിന് പിന്നാലെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ മേഖലയിൽ നിന്നുതന്നെ നിരവധിപേർ രംഗത്തെത്തി.
ഷെയ്ൻ നിഗമിനെതിരെ വധഭീഷണി മുഴക്കിയിട്ടില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ ജോബി പറഞ്ഞത്. താൻ നിർമിക്കുന്ന സിനിമയിൽ പ്രതിഫലം പറ്റിയതിനു ശേഷം അഭിനയിക്കാതെ മാറി നിന്നതിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ഷെയ്ൻ കാരണം വൻ സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നതെന്നും ജോബി ജോർജ് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് പുതിയ വിവാദവും ഉടലെടുത്തിരിക്കുന്നത്.