'എടക്കാട് ബറ്റാലിയൻ" ചിത്രത്തിലെ "നീ ഹിമ മഴയായ്..."എന്നഗാനമാണ് ഈയടുത്ത് മലയാളികളുടെ ഇഷ്ടഗാനമായത്. മലയാള സിനിമാ പിന്നണി ഗാന രംഗത്തേക്ക് മറ്റൊരു യുവ ഗായിക കൂടിയെത്തി. വിദേശത്ത് പഠിച്ചു വളർന്ന്, ആർക്കിടെക്റ്റായ നിത്യ സിനിമാ ഗാന രംഗത്തേക്ക് പ്രവേശിക്കുകയാണ്. സ്റ്റേജ് ഷോയിൽ നിത്യ ആലപിച്ച ഗാനം സംഗീത സംവിധായകൻ കൈലാസ് മേനോന്റെ അമ്മ കേൾക്കാനിടയായതാണ് സിനിമാ ഗാനരംഗത്തേക്കുള്ള തുടക്കം. കൗമുദി മാഗസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
"ഞാൻ സത്യത്തിൽ ട്രാക്ക് പാടാൻ പോയതാണ്. കംപോസിംഗൊക്കെ കേട്ടപ്പോൾ തന്നെ പാട്ട് ഹിറ്റാകുമെന്ന് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു. കൈലാസ് മേനോൻ സാറിന്റെ സംഗീതവും, ഹരിനാരയാണൻ സാറിന്റെ വരികളും കൂടിയാകുമ്പോൾ അതുറപ്പല്ലേ. പോരാത്തതിന് മെയിൽ വോയ്സ് പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കറും. ഇത്രയും പ്രഗത്ഭർക്കൊപ്പമാണ് പാടാൻ കഴിഞ്ഞതെന്നോർക്കുമ്പോൾ സന്തോഷമാണ്. പാട്ട് റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഹിറ്റിലേക്ക് മാറുന്ന കാഴ്ച കണ്ടപ്പോൾ സത്യമായും അത്ഭുതം തോന്നി. പിന്നെ ആ പാട്ടിന്റെ വിഷ്വൽസും അത്രയും മനോഹരമാണ്.
കൈലാസ് സാറിന്റെ അമ്മ വഴിയാണ് അത് സംഭവിക്കുന്നത്. അമ്മ അടുത്തിടെ എന്റെയൊരു ലൈവ് പ്രോഗ്രാം കണ്ടിരുന്നു. എന്റെ ഭാഗ്യത്തിന് അമ്മയ്ക്ക് എന്റെ ശബ്ദം ഇഷ്ടപ്പെട്ടു, അങ്ങനെ കൈലാസ് സാറിനോട് പറഞ്ഞു, അദ്ദേഹം വിളിച്ചിട്ട് ഒരു പാട്ട് അയച്ചു കൊടുക്കാൻ പറഞ്ഞിരുന്നു. അതുകഴിഞ്ഞ് ട്രാക്ക് പാടാൻ വിളിച്ചു. രണ്ടാഴ്ചയൊക്കെ കഴിഞ്ഞപ്പോൾ വിളിച്ചിട്ട് എല്ലാർക്കും ഇഷ്ടമായി, അപ്പോൾ ഇത് തന്നെ ഫൈനൽ ആക്കാമെന്ന് പറഞ്ഞു. സത്യത്തിൽ ഞാൻ നല്ലോണം ഞെട്ടി.
ശ്രേയ ഘോഷാലിന് പകരമാകാൻ അവർക്ക് മാത്രമേ പറ്റൂ. ചിലരൊക്കെ പറഞ്ഞിട്ടുണ്ട് ശബ്ദത്തിന് സാമ്യമാണെന്ന്. ശ്രേയ ചേച്ചി അറിയണ്ട. ( ചിരിക്കുന്നു) അങ്ങനെ വിളിക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്. അവരെ ഒന്ന് നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹമാണ്"-നിത്യ പറഞ്ഞു.