തിരുവനന്തപുരം: പൂവാറിലെ ഹോം സ്റ്റേയിൽ ജുവലറി ഉടമയെ ആക്രമിച്ച് 80 ലക്ഷം തട്ടിയെടുത്ത കേസിൽ കവർച്ചയുടെ സൂത്രധാരനുൾപ്പെടെ ഏഴുപേരെ പൂവാർ പൊലീസ് പിടികൂടി. കവർച്ചാ നാടകം ആസൂത്രണം ചെയ്ത ബ്രോക്കർ പൂന്തുറ സ്വദേശി മുജീബ്(44), ഇയാളുടെ കൂട്ടാളികളും പൂവാർ സ്വദേശികളുമായ ഷംനാദ് (24), അസിം(34), സജീർ(32), ജിബിലി(26), ഉണ്ണിയെന്ന സുഭാഷ്(25), ജെ.പിയെന്ന അരുൺദേവ്(25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഭാഗം ചെയ്ത കവർച്ചാമുതലായ അറുപത് ലക്ഷത്തോളം രൂപ കണ്ടെത്തി. സംഘത്തിലുൾപ്പെട്ട നെയ്യാറ്റിൻകര കണ്ടല സ്വദേശി ഷമീറിനുവേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി. ആറ്റിങ്ങൽ സ്വദേശിയായ ജുവലറി ഉടമ നജീബാണ് കവർച്ചയ്ക്കിരയായത്. കവർച്ചാ സംഘം
ഗൾഫിൽ നിന്നെത്തിച്ച സ്വർണം വിലക്കുറച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്വർണവ്യാപാരിയായ നജീബിനെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ കൂടിയായ മുജീബ് പൂവാറിലെ ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയത്. ഗൾഫിലായിരുന്ന മുജീബ് നാട്ടിലെത്തിയശേഷം ഇത്തരം വസ്തുക്കച്ചവടവും മറ്റ് ഇടപാടുകളുമായി കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് നജീബുമായി പരിചയപ്പെട്ടത്. സ്വർണം വാങ്ങാൻ കൊണ്ടുവരുന്ന പണം കണക്കിൽപ്പെടാത്തതാകുമെന്ന് കരുതിയാണ് മുജീബ് കവർച്ച ആസൂത്രണം ചെയ്തത്. ഇതിനായി സുഹൃത്തും ബോംബേറ് കേസിൽ പ്രതിയായ അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായം മുജീബ് തേടി. ബോംബേറ് കേസിൽ ഒരു കൈപ്പത്തി നഷ്ടപ്പെട്ട അസിം ഇപ്പോൾ മുറുക്കാൻ കട നടത്തുകയാണ്. പെട്ടെന്ന് പണമുണ്ടാക്കാമെന്ന് പറഞ്ഞ് അസിമാണ് സുഹൃത്തുക്കളെ കൂടി കവർച്ചയിൽ പങ്കാളികളാക്കിയത്.
കണക്കിൽപെടാത്ത പണമായതിനാൽ പരാതി ഉണ്ടാകാൻ ഇടയില്ലെന്നായിരുന്നു മുജീബ് ഇവരെ ധരിപ്പിച്ചത്. സ്വർണ്ണക്കട്ടികൾ പ്രതീക്ഷിച്ച് പറഞ്ഞുറപ്പിച്ച 80 ലക്ഷത്തോളം രൂപയുമായി കാറിൽ പൂവാറിലെ വ്യൂ പോയിന്റെന്ന ഹോം സ്റ്റേയിലെത്തിയ നജീബ് ഹോം സ്റ്റേയ്ക്കുളളിൽ കടന്ന ഉടൻ മുജീബും റൂമിലെത്തി. ബോട്ട് മാർഗം ഹോംസ്റ്റേയ്ക്ക് പിന്നിലെത്തിയ കവർച്ചാ സംഘത്തിൽ അസിം ഒഴികെയുള്ളവർ പെട്ടെന്ന് മുറിയ്ക്കുള്ളിലേക്ക് പാഞ്ഞെത്തി. മുജീബിനെ മർദ്ദിച്ചു. കത്തി കാട്ടി നജീബിനെ വിരട്ടിയശേഷം കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് കൈക്കലാക്കി.പണവുമായെത്തുന്ന കൂട്ടാളികളുമായി രക്ഷപ്പെടാൻ ബോട്ട് സ്റ്റാർട്ടാക്കി നിൽക്കുകയായിരുന്നു അസിം.
പണവുമായി ബോട്ടിൽ കയറിയസംഘം നെയ്യാറിലൂടെ രക്ഷപ്പെട്ടു. ഇവരെ പിടികൂടാനെന്ന വ്യാജേന മുജീബും തന്റെ കാറിൽ ഹോം സ്റ്റേയിൽ നിന്ന് കടന്നു. കവർച്ച ശ്രദ്ധയിൽപ്പെട്ട ഹോസ്റ്റേ നടത്തിപ്പുകാർ വിവരം ഉടൻ പൊലീസിനെ അറിയിച്ചു. പൊലീസെത്തി പണം നഷ്ടപ്പെട്ട ജുവലറി ഉടമയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഹോം സ്റ്റേയിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കവർച്ചക്കാരെ തിരിച്ചറിഞ്ഞ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൊണ്ടിമുതൽ ഭാഗം വച്ച് പലവഴിക്കായി പിരിഞ്ഞ സംഘത്തെ പൂവാർ, തേങ്ങാപ്പട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്. എന്നാൽ വസ്തു ഇടപാടിനായാണ് താൻ പണവുമായി എത്തിയതെന്നാണ് പരാതിക്കാരൻ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയശേഷം വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.