സിംഗപ്പൂർ:തിരക്കേറിയ നഗരങ്ങളിലും ടൂറിസ്റ്റ്കേന്ദ്രങ്ങളിലും ആളുകൾക്ക് ചെറിയ യാത്രകൾക്ക് പൈലറ്റ് ഇല്ലാത്ത ചെറുവിമാനങ്ങളായ ഡ്രോണുകൾ പോലെയുള്ള ഹോവർ ടാക്‌സികൾ വരുന്നു.
ജർമ്മൻ കമ്പനിയായ വോളോ കോപ്‌റ്റർ നിർമ്മിച്ച ഹോവർ ടാക്‌സിയുടെ സിംഗപ്പൂരിലെ പരീക്ഷണ പറക്കൽ കഴിഞ്ഞ ദിവസം വിജയകരമായി നടന്നു.
പരീക്ഷണ പറക്കലായതിനാൽ ഒരു ടെസ്റ്റ് പൈലറ്റ് മാത്രമാണ് ഹോവർ ടാക്സിയിൽ ഉണ്ടായിരുന്നത്. സിംഗപ്പൂർ നഗരത്തിന് മീതേ രണ്ടര മിനുട്ട് മാത്രമാണ് പറന്നുത്. സിംഗപ്പൂരിൽ ഹോവർ ടാക്സികൾക്കായി വോളോ പോർട്ട് എന്ന പേരിൽ മിനി വിമാനത്താവളവും പാസഞ്ചർ ടെർമിനലും ലാൻഡിംഗ് - ടേക്കോഫ് പാഡുകളും നിർമ്മിച്ചു കഴിഞ്ഞു.
ദുബായ്, ഹെൽസിങ്കി, ലാസ് വെഗാസ് എന്നീ നഗരങ്ങളിലും ഹോവർ ടാക്‌സി പരീക്ഷിച്ചു കഴിഞ്ഞു. രണ്ട് വർഷത്തിനകം വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാനാണ് വോളോകോപ്‌റ്റർ കമ്പനി ഉദ്ദേശിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ വൻകിട നഗരങ്ങളിലും ബീച്ചുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമൊക്കെ ഹോവർ ടാക്സികൾ ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടൽ. വാടക നിശ്ചയിച്ചിട്ടില്ല.ടാക്സി കാർ നിരക്കിനേക്കാൾ ചെറിയ വർദ്ധനവേ ഉണ്ടാവൂ എന്നാണ് കമ്പനി പറയുന്നത്. ചൈനയിൽ ഹോവർ ടാക്‌സികൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാനായി ഗീലി എന്ന ആട്ടോമൊബൈൽ കമ്പനിയുമായി വോളോകോപ്‌റ്റർ കരാർ ഒപ്പിട്ടു കഴിഞ്ഞു.
ഹോവർ ടാക്‌സി
പൈലറ്റ് ഇല്ലാത്ത ചെറുവിമാനം
പതിനെട്ട് പ്രൊപ്പല്ലറുകൾ
മിനി ഹെലികോപ്റ്റർ
രണ്ട് പേർക്ക് സഞ്ചരിക്കാം
യാത്ര ഹ്രസ്വ ദൂരത്തേക്ക് മാത്രം
സഞ്ചാരികൾക്ക് വാടകയ്‌ക്ക് എടുക്കാം.
ഭൂമിയിൽ നിന്ന് നിയന്ത്രിക്കാം