ബംഗളൂരു: കനത്ത മഴ മൂലം വടക്കൻ കർണാടക ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകൾ പ്രളയഭീതിയിൽ. മഴക്കെടുതിയിൽപ്പെട്ട് രണ്ട് ആൺകുട്ടികളുൾപ്പെടെ അഞ്ചുപേർ മരിച്ചു. കോടികൾ വിലയുള്ള ധാന്യങ്ങൾ നശിച്ചതുൾപ്പെടെ കനത്ത നാശനഷ്ടമുണ്ടായി. അടുത്ത 3-4 ദിവസം കനത്ത മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടർന്ന് കർണാടകയുടെ വടക്ക്, തെക്ക്, മദ്ധ്യ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കർണാടകയിൽ കൃഷ്ണ നദിയും പോഷക നദികളും കരകവിഞ്ഞൊഴുകുകയാണ്. ധാർവ്ഡ്, ഹൂബ്ലി, ബെളഗാവി, ഹാവേരി, ദാവനഗെരെ, കൽബുർഗി, വിജയപുര, ഗദഗ്, ബാഗൽക്കോട്ടെ, ചിക്കമംഗളൂരു, ശിവമൊഗ്ഗ, കുടക് ജില്ലകളിലാണ് ദുരിതമേറെയും. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ബെളഗാവിയിൽ മാത്രം 58.1 മില്ലിമീറ്റർ മഴ പെയ്തിറങ്ങി. ഒട്ടേറെ വീടുകളും സർക്കാർ കെട്ടിടങ്ങളും വെള്ളംകയറി നശിച്ചു. ബെളഗാവിയിലെ ഷാപ്പൂരിൽ മൂന്ന് വീടുകൾ ഇടിഞ്ഞു വീണു. മിക്കയിടങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ബെളഗാവിയിലെ ഗോഖക്കിൽ ഘട്ടപ്രഭ നദി കരകവിഞ്ഞത് മൂലം മിക്ക ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. ഗതാഗതം തടസപ്പെട്ടു. ബംഗളൂരു- പൂനെ ദേശീയ ഹൈവേ - 4 ഞായറാഴ്ച രാത്രി മുതൽ അടച്ചിട്ടിരിക്കുകയാണ്. നൂറു കണക്കിന് വാഹനങ്ങളാണ് സൂതഘട്ടി ചുരം റോഡിൽ കുടുങ്ങിക്കിടക്കുന്നത്. കൂടാതെ, ബെളഗാവി- ഗോവ റീട്ടിലെ ജംബോട്ടിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു ഗതാഗതം മുടങ്ങിയിട്ടുമുണ്ട്. അതേസമയം, ഹാവേരി ജില്ലയിലെ യലവിഗി ഗ്രാമത്തിലെ റെയിൽവേ അണ്ടർപാസിൽ വെള്ളത്തിൽ കുടുങ്ങിപ്പോയ ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ 30 യാത്രക്കാരെയും രക്ഷപ്പെടുത്തി.