മുംബയ്: കൃത്യസമയത്ത് ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് ചലച്ചിത്ര നടിക്കും നവജാത ശിശുവിനും ദാരുണാന്ത്യം. മറാത്തി നടി പൂജ സുൻജാറും (25) കുഞ്ഞുമാണ് മരിച്ചത്. മുംബയിൽ നിന്ന് 60 കി.മീ അകലെയുള്ള ഹിംഗോളി ജില്ലയിൽ ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പ്രസവവേദനയെ തുടർന്ന് പൂജയെ വെളുപ്പിനെ രണ്ട് മണിയോടെ ഗൊരേഗാവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ, പ്രസവിച്ച് നിമിഷങ്ങൾക്കകം കുഞ്ഞു മരിച്ചു. സ്ഥിതി വഷളായതിനെ തുടർന്ന് പൂജയെ എത്രയും പെട്ടെന്ന് ഗൊരേഗാവിൽ നിന്നു 40 കി.മീ അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നു ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് ആംബുലൻസിനായി ബന്ധുക്കൾ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. ഏറെ ശ്രമിച്ചതിന് ശേഷം ഒരു സ്വകാര്യ ആംബുലൻസ് ലഭിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ പൂജ മരിച്ചു.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിരവധി മറാത്തി സിനിമകളിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത പൂജാ സുൻജാർ ഗർഭിണിയായ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു. യഥാസമയം ആംബുലൻസ് ലഭ്യമാക്കിയിരുന്നെങ്കിൽ പൂജയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.