ജി.ഡി.പി വളർച്ച ഇടിഞ്ഞെങ്കിലും ഇന്ത്യക്കാരുടെ ഗൃഹ സമ്പത്ത് 2019ൽ ഇരട്ടിയായി വർദ്ധിച്ചു
കൊച്ചി: ജി.ഡി.പി വളർച്ച കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ത്യക്കാരുടെ ഗൃഹസമ്പത്തിൽ ദൃശ്യമായത് ഇരട്ടിയിലേറെ വർദ്ധന. 2019ന്റെ ആദ്യപാദമായ ജനുവരി-മാർച്ചിൽ അഞ്ചുവർഷത്തെ താഴ്‌ചയായ 5.8 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച. ഏപ്രിൽ-മാർച്ചിൽ ഇത് ആറുവർഷത്തെ താഴ്‌ചയായ അഞ്ചു ശതമാനത്തിലേക്കും ഇടിഞ്ഞു.
എന്നാൽ, 2018ലെ 5.972 ലക്ഷം കോടി ഡോളറിൽ നിന്ന് ഈ വർഷം 12.6 ലക്ഷം കോടി ഡോളറായി ഇന്ത്യക്കാരുടെ ഗൃഹസമ്പത്ത് കുതിച്ചുയർന്നുവെന്ന് സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസിന്റെ റിപ്പോർട്ട് വ്യക്തമാക്കി. സാമ്പത്തിക രംഗത്തെ സകല മേഖലകളും തളർച്ചയുടെ ട്രാക്കിലാണെന്ന് നിരീക്ഷകർ വാദിക്കുന്നതിനിടെയാണ് ഗൃഹസമ്പത്തിലെ ഈ കുതിച്ചുചാട്ടം. 2000 മുതൽ 2019 വരെയുള്ള കാലയളവിൽ ഗൃഹസമ്പത്ത് വർദ്ധിച്ചത് നാലു മടങ്ങാണ്.
അടുത്ത അഞ്ചുവർഷത്തിനകം ഗൃഹസമ്പത്തിൽ 43 ശതമാനം (ഏകദേശം 4.4 ലക്ഷം കോടി ഡോളർ) വർദ്ധനയുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിൽ സജീവ സാന്നിദ്ധ്യമുള്ള ക്രെഡിറ്ര് സ്വിസ്, പക്ഷേ ഗൃഹസമ്പത്ത് ഇരട്ടിയിലധികമായി വർദ്ധിച്ചതിന്റെ കാരണം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
$14,569
ഇന്ത്യക്കാരുടെ ശരാശരി വ്യക്തിഗത സമ്പത്ത് 14,569 ഡോളറാണ്. 2019ലെ വർദ്ധന 3.3 ശതമാനം.
11.5%
ഇന്ത്യക്കാരുടെ കടബാദ്ധ്യതയും കൂടിയിട്ടുണ്ട്. ആകെ ബാദ്ധ്യത 12,000 കോടി ഡോളർ. വർദ്ധന 11.5 ശതമാനം.
1.5%
ഇന്ത്യക്കാരുടെ സാമ്പത്തിക സ്വത്തിൽ (പണം) വർദ്ധന 1.5 ശതമാനം. ധനഇതര സ്വത്തിൽ (ഭൂമി, സ്വർണം) വർദ്ധിച്ചത് 6.9 ശതമാനം.
8.27 ലക്ഷം
മൊത്തം സമ്പത്തിന്റെ മുഖ്യപങ്കും കൈവശം വച്ചിരിക്കുന്നത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന 8.27 ലക്ഷം കോടീശ്വരന്മാരാണ്.
സ്വത്തും കുതിപ്പും
2018ൽ ഇന്ത്യക്കാരുടെ മൊത്തം ഗൃഹസമ്പത്ത് $5.792 ലക്ഷം കോടി
2019ൽ സമ്പത്ത് $12.6 ലക്ഷം കോടി