home

കൊച്ചി: ജി.ഡി.പി വളർച്ച കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ത്യക്കാരുടെ ഗൃഹസമ്പത്തിൽ ദൃശ്യമായത് ഇരട്ടിയിലേറെ വർദ്ധന. 2019ന്റെ ആദ്യപാദമായ ജനുവരി-മാർച്ചിൽ അഞ്ചുവർഷത്തെ താഴ്‌ചയായ 5.8 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച. ഏപ്രിൽ-മാർച്ചിൽ ഇത് ആറുവർഷത്തെ താഴ്‌ചയായ അഞ്ചു ശതമാനത്തിലേക്കും ഇടിഞ്ഞു.

എന്നാൽ,​ 2018ലെ 5.972 ലക്ഷം കോടി ഡോളറിൽ നിന്ന് ഈ വർഷം 12.6 ലക്ഷം കോടി ഡോളറായി ഇന്ത്യക്കാരുടെ ഗൃഹസമ്പത്ത് കുതിച്ചുയർന്നുവെന്ന് സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസിന്റെ റിപ്പോർട്ട് വ്യക്തമാക്കി. സാമ്പത്തിക രംഗത്തെ സകല മേഖലകളും തളർച്ചയുടെ ട്രാക്കിലാണെന്ന് നിരീക്ഷകർ വാദിക്കുന്നതിനിടെയാണ് ഗൃഹസമ്പത്തിലെ ഈ കുതിച്ചുചാട്ടം. 2000 മുതൽ 2019 വരെയുള്ള കാലയളവിൽ ഗൃഹസമ്പത്ത് വർദ്ധിച്ചത് നാലു മടങ്ങാണ്.

അടുത്ത അഞ്ചുവർഷത്തിനകം ഗൃഹസമ്പത്തിൽ 43 ശതമാനം (ഏകദേശം 4.4 ലക്ഷം കോടി ഡോളർ)​ വർദ്ധനയുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിൽ സജീവ സാന്നിദ്ധ്യമുള്ള ക്രെഡിറ്ര് സ്വിസ്,​ പക്ഷേ ഗൃഹസമ്പത്ത് ഇരട്ടിയിലധികമായി വർദ്ധിച്ചതിന്റെ കാരണം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

$14,569

ഇന്ത്യക്കാരുടെ ശരാശരി വ്യക്തിഗത സമ്പത്ത് 14,​569 ഡോളറാണ്. 2019ലെ വർദ്ധന 3.3 ശതമാനം.

11.5%

ഇന്ത്യക്കാരുടെ കടബാദ്ധ്യതയും കൂടിയിട്ടുണ്ട്. ആകെ ബാദ്ധ്യത 12,​000 കോടി ഡോളർ. വർദ്ധന 11.5 ശതമാനം.

1.5%

ഇന്ത്യക്കാരുടെ സാമ്പത്തിക സ്വത്തിൽ (പണം)​ വർദ്ധന 1.5 ശതമാനം. ധനഇതര സ്വത്തിൽ (ഭൂമി,​ സ്വർണം)​ വർദ്ധിച്ചത് 6.9 ശതമാനം.

8.27 ലക്ഷം

മൊത്തം സമ്പത്തിന്റെ മുഖ്യപങ്കും കൈവശം വച്ചിരിക്കുന്നത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന 8.27 ലക്ഷം കോടീശ്വരന്മാരാണ്.

സ്വത്തും കുതിപ്പും

 2018ൽ ഇന്ത്യക്കാരുടെ മൊത്തം ഗൃഹസമ്പത്ത് $5.792 ലക്ഷം കോടി

 2019ൽ സമ്പത്ത് $12.6 ലക്ഷം കോടി