കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താത്കാലിക സ്‌പെഷ്യൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ ക്ലാർക്ക് തസ്തികയിൽ ഒരൊഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 19950 രൂപയാണ് പ്രതിമാസ വേതനം. 60 വയസിൽ താഴെയായിരിക്കണം പ്രായം. അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാവണം. ഹൈക്കോടതി/നിയമവകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോഡിനേറ്റ് ജുഡിഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. പേര്, വിലാസം, ഫോൺ നമ്പർ, ജനനത്തീയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെളളക്കടലാസിൽ തയാറാക്കി അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിരമിച്ച കോടതി ജീവനക്കാർക്ക് മുൻഗണന. നിയമനം കരാറടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ, 31.03.2020 വരെയോ, അല്ലെങ്കിൽ 60 വയസ് പൂർത്തിയാകുന്നതു വരെയോ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും. അപേക്ഷകൾ നവംബർ രണ്ടു വരെ സ്വീകരിക്കും. അപേക്ഷകൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോഴിക്കോട്-673 032 എന്ന വിലാസത്തിൽ അയയ്ക്കണം.
എം.ബി.എ പ്രവേശന പരീക്ഷ: അപേക്ഷ നവംബർ 10 വരെ
2020-21 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ (കെ മാറ്റ് കേരള) കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബർ ഒന്നിന് നടക്കും. അപേക്ഷ നവംബർ പത്തിന് വൈകിട്ട് നാലു വരെ ഓൺലൈനായി സമർപ്പിക്കാം. അപക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. അവസാനവർഷ ബിരുദവിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 0471-2335133.
ലീഗൽ സർവീസസ് അതോറിട്ടിയിൽ ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kelsa.nic.in .
ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർ വൈസർ 'എ' ഗ്രേഡ് ഇന്റർവ്യൂവിന് 2018 ഡിസംബർ വരെ അപേക്ഷിച്ചവർക്ക് 28, 29 തീയതികളിലും നവംബർ അഞ്ച്, ആറ്, 12, 13 തീയതികളിലും തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിന് സമീപം പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന് കീഴിലുളള മീറ്റർ ടെസ്റ്റിംഗ് ആൻഡ് സ്റ്റാന്റേഡ്സ് ലബോറട്ടറി കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ:0471-2339233.
എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ കീഴിൽ എറണാകുളത്ത് കർഷക റോഡിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടിയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി മത്സര പരീക്ഷാപരിശീലനം സംഘടിപ്പിക്കുന്നു. നവംബറിൽ നടത്തുന്ന ക്ലാസിൽ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടിക വർഗത്തിൽപ്പെട്ടവർക്കാണ് അവസരം. അടിസ്ഥാന വിദ്യാഭ്യാസയോഗ്യത എസ്.എസ്.എൽ.സി. പ്രായം 18നും 40നും മദ്ധ്യേ. അപേക്ഷ 24 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് cgc.ekm.emp.lbr@kerala.gov.in എന്ന ഇ-മെയിൽ ബന്ധപ്പെടണം. ഫോൺ: 0484-2312944.
ആർ.സി.സി സ്റ്റാഫ് നഴ്സ്: സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
ആർ.സി.സിയിൽ സ്റ്റാഫ് നഴ്സിന്റെ സ്ഥിര നിയമനത്തിനായുള്ള സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പേരുവിവരങ്ങൾ www.rcctvm.gov.in ൽ പ്രസിദ്ധീകരിച്ചു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നവംബർ നാല് മുതൽ ഏഴ് വരെ നടക്കും. 31ന് മുൻപ് രേഖാമൂലം അറിയിപ്പ് ലഭിക്കാത്തവർ ആർ.സി.സി അഡ്മിനിസ്‌ട്രേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2522215