ഒട്ടാവ: കാനഡയിൽ തിങ്കളാഴ്ച നടന്ന പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഭരണത്തുടർച്ച. കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ കുറവോടെ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി ഒഫ് കാനഡ അധികാരം നിലനിറുത്തി.
338 അംഗങ്ങളുള്ള സഭയിൽ 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 156 സീറ്റുകളാണ് (33 ശതമാനം വോട്ട്) ലിബറൽ പാർട്ടിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ചെറുപാർട്ടികളുടെ സഹായത്തോടെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കം ട്രൂഡോയുടെ പാർട്ടി ആരംഭിച്ചു. മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവ്സ് 34 ശതമാനം വോട്ട് നേടിയെങ്കിലും 121 സീറ്റുകളിലേ വിജയിച്ചുള്ളൂ.
ഇന്ത്യൻ വംശജനായ ജഗ്മീത് സിംഗ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും 17 സീറ്റുകളാണ് (16 ശതമാനം വോട്ട്) നേടിയത്.
ഭരണമാറ്റം ഉണ്ടായാൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് ആൻഡ്രൂ ഷിയേഴ്സ് പ്രധാനമന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
തങ്ങൾ അധികാരത്തിൽ എത്തിയാൽ എസ്.എൻ.സി ലാവ്‌ലിൻ കമ്പനി നടത്തിയ എല്ലാ വിദേശ ഇടപാടുകളിലും ജുഡിഷ്യൽ അന്വേഷണം നടത്തുമെന്നും കോൺസർവേറ്റിവ് പാർട്ടി നേതാവ് ആൻഡ്രൂ ഷിയേഴ്സ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ഒരു പക്ഷേ ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രത്യേകിച്ച് കേരള രാഷ്ട്രീയത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമായിരുന്നു.
ജസ്റ്റിൻ ട്രൂഡോ (47) 2015ലാണ് കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തിയത്.
2013 മുതൽ ലിബറൽ പാർട്ടി നേതാവാണ്
കാനഡയിലെ പ്രായംകുറഞ്ഞ രണ്ടാമത്തെ പ്രധാനമന്ത്രി
മുൻ ടെലിവിഷൻ അവതാരകയും പ്രഭാഷകയുമായ സോഫി ഗ്രിഗറിയാണ് ഭാര്യ.
മൂന്നു മക്കളുണ്ട്.
അഭിനന്ദനവുമായി ട്രംപ്
ട്രൂഡോയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ട്രൂഡോ സത്യസന്ധതയില്ലാത്തയാളാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. കാനഡയിൽ ട്രൂഡോയ്ക്ക് അധികാരം നഷ്ടമാക്കുകയും വലതുപക്ഷ പാർട്ടിയായ കൺസർവേറ്റീവ്സ് അധികാരത്തിലെത്തുകയും ചെയ്യുന്ന പക്ഷം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.