teekaram-meena

തിരുവനന്തപുരം: മഞ്ചേശ്വരത്ത് 42ാം ബൂത്തിൽ നടന്നത് കള്ളവോട്ടിനുള്ള ശ്രമം തന്നെയാണെന്ന് പറഞ്ഞ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. എന്നാൽ വോട്ടിംഗ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും റീപ്പോളിംഗ് നടത്തില്ലെന്നും മീണ വ്യക്തമാക്കി. മണ്ഡലങ്ങളിൽ റീപ്പോളിംഗ് നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരും കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോടും തനിക്ക് എതിർപ്പില്ലെന്നും ആരോടും അവമതിപ്പില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ഇന്നലെയാണ് മഞ്ചേശ്വരം മണ്ഡലത്തിലുള്ള ബാക്ര ബയൽ സ്‌കൂളിലെ 42ാം പോളിംഗ്‌ ബൂത്തിൽ വച്ചാണ് കള്ളവോട്ട് ചെയ്യാൻശ്രമിച്ചെന്നാരോപിച്ച് നബീസ എന്ന യുവതിയെ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ ആൾമാറാട്ട കുറ്റം ചുമത്തിയിരുന്നു. നബീസയ്ക്ക് 42ാം ബൂത്തിൽ വോട്ടില്ലാതിരുന്നിട്ടും ഇവർ വോട്ട് ചെയ്യാനായി എത്തുകയായിരുന്നു. ഇവർ വിവാഹം കഴിച്ച് ഇവിടെ നിന്നും പോയ ശേഷം ഇവരുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കംചെയ്തിരുന്നു.

നബീസയുടെ കൈയിൽ വോട്ടർ സ്ലിപ്പും ഉണ്ടായിരുന്നില്ല. നബീസ വോട്ട് ചെയ്യാനായി ബൂത്തിലേക്ക് കയറിയപ്പോൾ ഏജന്റുമാർ തടയുകയായിരുന്നു. തുടർന്ന് പ്രിസൈഡിങ് ഓഫീസർ ഇത് സംബന്ധിച്ച് പരിശോധന നടത്തുകയും നബീസയ്ക്ക് വോട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. പ്രിസൈഡിങ് ഒാഫീസർ പൊലീസിന് പരാതി നൽകിയതിനാലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. നബീസ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് എം.പി രാജ്‌മോഹൻ ഉണ്ണിത്താനും നബീസയുടെ ബന്ധുവും രംഗത്ത് വന്നിരുന്നു.