തിരുവല്ല: കവിയൂരിൽ വൃദ്ധദമ്പതികളെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മകനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. കവിയൂർ തിരുവാമനപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള തെക്കേതിൽ സുജാഭവനിൽ വാസു അചാരിയും (75) ഭാര്യ രാജമ്മയുമാണ് (69) മരിച്ചത്. ഇവരുടെ ഇളയമകൻ പ്രശാന്തിനെയാണ് (അജി, 42) പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് നാടിനെ നടുക്കിയ സംഭവം പുറലോകം അറിയുന്നത്. കിടപ്പുമുറിയിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വാസുആചാരി. കഴുത്തിൽ കുരുങ്ങിയ കയറിന്റെ ഒരറ്റം ജനാല കമ്പിയിൽ വലിച്ചുകെട്ടിയിരുന്നു. ഇൗ മുറിയിൽതന്നെ ഭാര്യ രാജമ്മ കഴുത്തിൽ വെട്ടേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കിടക്കുകയായിരുന്നു.
പൊലീസ് പറയുന്നത്: വാസു ആചാരിക്കും രാജമ്മയ്ക്കും പ്രശാന്ത് ഉൾപ്പെടെ നാല് മക്കളുണ്ടായിരുന്നു. മൂത്തവരായ പ്രസാദും പ്രദീപും വർഷങ്ങൾക്ക് മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. മകൾ സുജ ഭർത്താവ് ശ്രീധരനൊപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്. തങ്ങൾ താമസിക്കുന്ന ഏഴുസെന്റ് സ്ഥലം വാസു ആചാരിയും രാജമ്മയും മകളുടെ പേരിൽ വിൽപ്പത്രം എഴുതിയിരുന്നു.
ആലുവായിലെ സ്വകാര്യ സ്ഥാപനത്തിൽ ആശാരിപ്പണി ചെയ്യുന്ന പ്രശാന്ത് ഇതേച്ചൊല്ലി മാതാപിതാക്കളുമായി വഴക്കുണ്ടാക്കുമായിരുന്നു. രണ്ടാഴ്ചയായി പ്രശാന്ത് വീട്ടിലുണ്ട്. വഴക്കിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് മെമ്പർ രാജേഷിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു.
ഇന്നലെ പകൽ വാസുവിനെയും രാജമ്മയെയും വീടിന് വെളിയിൽ കാണാതായതോടെ അയൽവാസിയായ രമേശ് അന്വേഷിച്ചെത്തിയപ്പോൾ വരാന്തയിൽ കരഞ്ഞുകൊണ്ടിരിക്കുന്ന പ്രശാന്തിനെയാണ് കണ്ടത്. വാസുആചാരിയെ വിളിച്ചിട്ട് പ്രതികരണമില്ലാതായപ്പോൾ സംശയംതോന്നിയ രമേശ് അയൽവാസികളെ വിളിക്കാൻ പോയി. ഇൗ സമയം ബാഗുമെടുത്ത് പ്രശാന്ത് കടന്നു. ദമ്പതികൾ മരിച്ചതറിഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്ന് നാട്ടുകാർ പ്രശാന്തിനെ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. മദ്യപാനിയും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നയാളുമാണ് പ്രശാന്തെന്ന് പൊലീസ് പറയുന്നു. വിവാഹിതനല്ലെങ്കിലും ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. അതേസമയം പ്രശാന്തിനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാർ, സി.ഐ കെ. ബൈജുകുമാർ എന്നിവർ സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.