പത്തനംതിട്ട: അയൽവാസിയുടെ നായയയുടെ കുര നിർത്താനായി അതിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച് യുവാക്കൾ. പത്തനംതിട്ടയിലെ ഇരവിപേരൂറിലുള്ള സന്തോഷ്കുമാറിന്റെ വീട്ടിലെ നായ റോക്കിയെയാണ് അയൽവാസികളും സഹോദരന്മാരുമായ അജിത്കുമാറും അനിലും ചേർന്ന് ക്രൂരമായി ആക്രമിച്ചത്. ഇവരുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കേരള സംസ്ഥാന മൃഗക്ഷേമ ബോർഡ് ഇടപെടുകയും, തുടർന്ന് തിരുവല്ല പൊലീസ് അജിത്തിനും അനിലിനുമെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
അജിത് സന്തോഷ്കുമാറിന്റെയും ഭാര്യ സാലിയുടെയും വീടിന് മുൻപിലൂടെ കടന്ന് പോകുമ്പോഴൊക്കെയും റോക്കി കുരച്ചിരുന്നു. എന്നാൽ അജിത്തിന് ഇത്തരത്തിൽ പ്രവർത്തിക്കാൻ മാത്രമുള്ള വിരോധം നായയോട് ഉണ്ടായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് സാലി പറയുന്നത്. ആദ്യം അജിത്കുമാർ ഒറ്റയ്ക്ക് വന്ന് നായയെ വടികൊണ്ട് അടിച്ചപ്പോൾ അതിന്റെ നിലവിളി കേട്ടാണ് സന്തോഷും ഭാര്യയും പുറത്തേക്കിറങ്ങി വന്നത്. ഇരുവരെയും കണ്ടയുടനെ അജിത് ഇവരെയും ആക്രമിച്ചു. അജിത്തിനെ പേടിച്ച് ഇരുവരും വീടിനകത്ത് കയറി ഒളിക്കുകയായിരുന്നു.
ഇവർ അകത്ത് കയറി വാതിലടച്ചു ശേഷമാണ് അജിത് സഹോദരനായ അനിലിനെ കൂട്ടി വീണ്ടും വന്നത്. തുടർന്ന് ഇവർ രണ്ടുപേരും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടിലുള്ള സാധനസാമഗ്രികൾ അടിച്ച് തകർക്കുകയും ചെയ്തു. അതിനുശേഷം, ഇവർ റോക്കിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഒൻപത് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവാണ് റോക്കിയുടെ ശരീരത്തിൽ ഉള്ളത്. അജിത്തും അനിലും പോയ ശേഷം പോയശേഷം വീടിന് പുറത്തേക്ക് ഇറങ്ങിയ സന്തോഷും സാലിയും ചോരക്കളത്തിൽ കിടന്നിരുന്ന റോക്കി ചത്തുപോയെന്നാണ് ആദ്യം കരുതിയത്. റോക്കിക്ക് ദീർഘകാല ചികിത്സ വേണ്ടിവരുമെന്നും നായയെ ആ അവസ്ഥയിൽ കാണുന്നത് തനിക്ക് സഹിക്കാനാകുന്നില്ലെന്നും സാലി പറയുന്നു. ആക്രമണം നടത്തിയ സഹോദരന്മാർ ഇപ്പോൾ ഒളിവിലാണ്.