'തീവണ്ടി' എന്ന സിനിമയിൽ പുകവലിക്കുന്ന ടോവിനോ തോമസിന്റെ കഥാപാത്രത്തെ നന്നാക്കാൻ ശ്രമിക്കുന്ന കാമുകിയായാണ് സംയുക്ത മേനോൻ മലയാളി സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് കുടിയേറിയത്. ഈ ചിത്രത്തിൽ സംയുക്ത പുകവലിക്കാരനായ ടോവിനോയുടെ മുഖത്ത് അടിക്കുന്ന രംഗങ്ങളും നിരവധിയുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിലും ഇതിനു സമാനമായ ഒരു അനുഭവം സംയുക്തയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത് അധികമാർക്കും അറിയില്ല. ഒരു അഭിമുഖത്തിൽ 'ജീവിതത്തിൽ ആരുടെയെങ്കിലും മുഖത്തടിച്ചിട്ടുണ്ടോ?' എന്ന ചോദ്യത്തിന് ഉത്തരമായായാണ് നടി തനിക്കുണ്ടായ ഒരു മോശം അനുഭവം വിവരിച്ചത്. തനിക്കും തന്റെ അമ്മയ്ക്കും മുൻപിൽ വച്ച് പുകവലിച്ച ഒരാളുടെ മുഖത്തടിച്ചിട്ടുള്ള കാര്യമാണ് സംയുക്ത അഭിമുഖത്തിലൂടെ പറഞ്ഞത്.
സംയുക്തയുടെ വാക്കുകൾ കേൾക്കാം. 'എന്റെ അമ്മയ്ക്കു ശ്വാസം മുട്ടുണ്ട്. അതുകൊണ്ട് പുകവലിക്കാരുടെ ഇടയിൽ നിൽക്കാനേ പറ്റില്ല. ഒരിക്കൽ പൊതുനിരത്തിൽ ഞാനും അമ്മയും കൂടെ നിൽക്കുകയായിരുന്നു. ഒരാൾ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുന്നുണ്ടായിരുന്നു. അമ്മ മൂക്കുപൊത്തി നിൽക്കുകയാണ്. അവിടെ നിന്നും മാറി നിൽക്കാനും സ്ഥലമില്ല. ഞാൻ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു. പുക വലിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ട്, ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ എന്ന്. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ എന്നും ഞാൻ അയാളോട് പറഞ്ഞു. പക്ഷേ വളരെ മോശമായാണ് അയാൾ എന്നോടു പ്രതികരിച്ചത്. പെട്ടെന്ന് എന്റെ നിയന്ത്രണം വിട്ടു, കൈ തരിക്കുകയും തുടർന്ന് അയാളുടെ മുഖത്തടിക്കുകയും ചെയ്തു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ വേണമായിരുന്നോ എന്നായി അമ്മ. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ? പിന്നെ ആ സമയത്ത് ഞാൻ സിനിമയിൽ അഭിനയിച്ചിട്ടില്ല." സംയുക്ത പറഞ്ഞുനിർത്തി.