മുംബൈ: പ്രണയ നൈരാശ്യം കാരണം പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. മുംബൈയിലെ സബർബൻ വിഘ്രോളിയിലെ ടാഗോർ നഗറിലാണ് സംഭവം നടന്നത്. 29കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് സ്വന്തം ജീവനെടുത്തത്. ഇദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്ന രാമേശ്വർ ഹങ്കാരെ എന്നയാളാണ് പൊലീസുകാരനെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വിളിച്ചിട്ട് പുറത്തു വരാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് പൊലീസുകാരന്റെ മൃതദേഹം തൂങ്ങിനിൽക്കുന്നതായി രാമേശ്വർ കാണുന്നത്.
ഉടൻ തന്നെ രാമേശ്വർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നാന്ദെന്ദ് ജില്ലാ സ്വദേശിയായ പൊലീസുകാരൻ മുംബയ് പൊലീസിന്റെ പ്രധാന കണ്ട്രോൾ റൂമിലാണ് ജോലി നോക്കിയിരുന്നത്. ഇദ്ദേഹം മറ്റ് മൂന്ന് പേർക്കൊപ്പമാണ് മുറിയിൽ കഴിഞ്ഞിരുന്നത്. സംഭവ സ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പ്രണയ ബന്ധം തകർന്നതിലെ വിഷമത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് കത്തിൽ രേഖപ്പെടുത്തിയതായും പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.