കോട്ടയം: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർ തലയിൽ പതിച്ച് അഫീൽ ജോൺസൺ മരിച്ചത് സംഘാടകരുടെ പിഴവുമൂലമെന്ന് സർക്കാർ നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോർട്ടെന്ന് സൂചന. കേരള സർവകലാശാലാ കായികവകുപ്പ് മുൻ ഡയറക്ടർ ഡോ. കെ.കെ. വേണു, സായി മുൻ പരിശീലകൻ എം.ബി. സത്യാനന്ദൻ, ബാഡ്മിന്റൺതാരവും അർജുന അവാർഡ് ജേതാവുമായ വി.ഡിജു എന്നിവർ അംഗങ്ങളായ സമിതി തെളിവെടുപ്പ് നടത്തിയശേഷം തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ എ. ജയതിലകിന് സമർപ്പിക്കും. പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ സുരക്ഷാക്രമീകരണളില്ലാതെ ജാവലിൻ, ഹാമർ മത്സരങ്ങൾ ഒരേസമയം നടത്തിയത് സംഘാടകരുടെ വീഴചയാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. ജാവലിന്റെയും ഹാമറിന്റെയും മത്സരം നടത്തിയ ഒഫീഷ്യലിന്റെ മൊഴിയെടുത്തിരുന്നു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതെ കായികമേളകൾ നടക്കണമെന്ന നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നു. തലയ്ക്ക് ഏറ്റ ഗുരുതര ക്ഷതമാണ് അഫിലിന്റെ മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഘാടകർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത വിവരം അന്വേഷണ സംഘം പാലാ കോടതിയെ അറിയിച്ചു. അതേസമയം ഈ ജൂനിയർ അത്‌ലറ്രിക് മീറ്രുമായി വിദ്യാഭ്യാസ വകുപ്പിന് യാതൊരു പങ്കുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.