സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് കാണിച്ച് നടി മഞ്ജു വാര്യർ ഡി.ജെ.പിക്ക് പരാതി നൽകിയ ശേഷം പൊട്ടിപ്പുറപ്പെട്ട വിവാദം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിനിൽക്കുകയാണ്. മഞ്ജുവിന്റെ പരാതിയോട് പ്രതികരിച്ചുകൊണ്ട് ശ്രീകുമാറും എത്തിയതോടെ വിവാദം ഒന്നുകൂടി കൊഴുക്കുകയും ചെയ്തു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ശേഷം ഈ വിഷയത്തിൽ മഞ്ജു വാര്യർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായികയും വിമെൻ ഇൻ സിനിമ കളക്റ്റീവിലെ പ്രധാന അംഗങ്ങളിൽ ഒരാളുമായ വിധു വിൻസെന്റ്.
സിനിമയിൽ നിന്നും ചുരുങ്ങിയ കാലത്തേക്ക് മാറിനിന്ന മഞ്ജുവാര്യർ തിരിച്ചുവന്നപ്പോൾ ലഭിച്ച സ്വീകാര്യത താൻ സൃഷ്ടിച്ച് നൽകിയതെന്ന് പറയുന്നത് ശ്രീകുമാർ മേനോന്റെ ധാർഷ്ട്യമാണെന്ന് വിധു ചൂണ്ടിക്കാട്ടുന്നു. തൊഴിൽ നൽകുന്നയാൾ തൊഴിലാളിയുടെ ഉടമയല്ലെന്നും അത് മനസിലാക്കാതെ മേനോൻ ഇപ്പോഴും പഴയ തറവാട്ടു വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ചു പിടിപ്പിച്ച് ചാരുകസേരയിലങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണോയെന്നും വിധു വിൻസെന്റ് പരിഹസിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായിക ഇക്കാര്യം പറഞ്ഞത്.
വിധു വിൻസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
'തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യർക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോൾ ആദ്യം തോന്നിയത് ഇതാണ്. സിനിമയിൽ നിന്നും അല്പ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോൾ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാൾ കരുതുന്നുണ്ടെങ്കിൽ അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡൽ ദാർഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം.
തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിർത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്. മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളിൽ ഒരാളാണ്. അവരുടെ തൊഴിൽ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും.
അതിന്റെ മുഴുവൻ ക്രെഡിറ്റും ഓണർഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. ശ്രീമാൻ ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ?
അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ?
#withManju'