പാരീസ്:ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾക്കുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണൽ മെസി, ക്രിസ്റ്ര്യാനൊ റൊണാൾഡൊ, വിർജിൽ വാൻ ഡൈക്ക് എന്നിവരുൾപ്പെടെ 30 പേരുടെ പട്ടികയാണ് ഫ്രാൻസ് ഫുട്ബാൾ മാഗസിൻ പുറത്തുവിട്ടത്. ഇത്തവണത്തെ ഫിഫയുടെ ബെസ്റ്ര് ഫുട്ബാളർ പുരസ്കാരം മെസിക്കാണ് ലഭിച്ചത്. മെസിയേയും റൊണാൾഡോയേയും പിന്തള്ളി യൂറോപ്യൻ ഫുട്ബാളർ പുരസ്കാരം വാൻഡൈക്ക് സ്വന്തമാക്കിയിരുന്നു. വാൻഡൈക്ക് പുരസ്‍കാരം നേടിയാൽ 2006-നും ശേഷം ബാലൺ ഡി ഓർ നേടുന്ന ആദ്യ പ്രതിരോധ താരമാകും. 2006-ൽ പൗലോ കന്നവാരോയാണ് അവസാനമായി ബാലൺ ഡി ഓർ നേടിയ പ്രതിരോധ താരം. അതേസമയം, 2018-ലെ ബാലൺ ഡി ഓർ ജേതാവായ റയൽ മാഡ്രിഡ് താരവും ക്രൊയേഷ്യൻ നായകനുമായ ലൂക്ക മോഡ്രിച്ച് ചുരുക്ക പട്ടികയിൽ ഇടം നേടിയില്ല.
ബ്രസീലിയൻ സൂപ്പർതാരം നെയ്‍മറും പട്ടികയിലില്ല. റെക്കാഡ് തുകയ്ക്ക് പാരിസ് സെന്റ് ജെർമെയ്‍നിലെത്തിയ നെയ്‍മർ കുറേ നാളായി പരിക്കിന്റെ പിടിയിലായിരുന്നു.
വനിതാ വിഭാഗത്തിൽ അമേരിക്കൻ താരം മേഗൻ റപീനോയ്‍ക്കാണ് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത്. ജൂലായിൽ നടന്ന വനിതാ ലോകകപ്പിലെ ടോപ് സ്കോററായിരുന്നു റപീനോ.ഫിഫ ഇത്തവണത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് റപീനോയെയാണ്. ഡിസംബർ രണ്ടിനാണ് പുരസ്കാരം പ്രഖ്യാപിക്കുക.