ചാത്തന്നൂർ: തിരുവനന്തപുരത്ത് നിന്നു മോഷണം പോയ ആട്ടോ കാറുമായി കൂട്ടിയിടിച്ച് മോഷ്ടാവിന് പരിക്കേറ്റു. ചാലയിൽ നിന്നും കല്യാണവീട്ടിലേക്കുള്ള സാധനങ്ങളുമായി പോകുന്നതിനിടെ ആട്ടോ റോഡരികിൽ ഒതുക്കിയ ശേഷം ഡ്രൈവർ ചായ കുടിക്കാൻ കയറിയപ്പോഴാണ് ആട്ടോ മോഷണം പോയത്. ഇന്നലെ വൈകിട്ട് 5.30ഓടെ ദേശീയപാതയിൽ കല്ലുവാതുക്കൽ കുരിശുംമൂടിന് സമീപമാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കാർ. ആട്ടോ ഓടിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ശെന്തിലിനാണ് പരിക്കേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. ആട്ടോ മോഷണം പോയ സംഭവത്തിൽ ഫോർട്ട് പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം. ചാത്തന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.