kathua

ന്യൂഡൽഹി : കോളിളക്കം സൃഷ്ടിച്ച കത്വ ബലാത്സംഗ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. അന്വേഷണ സംഘത്തിലെ ആറ് പേർക്കെതിരെയാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിർബന്ധിക്കുകയും ചെയ്‌തെന്ന പരാതിയിൽ ജമ്മു കാശ്മീർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സാക്ഷികളായ സചിൻ ശർമ, നീരജ് ശർമ, സഹീൽ ശർമ എന്നിവരാണ് പരാതി നൽകിയത്.

സീനിയർ പൊലീസ് സൂപ്രണ്ടും അന്വേഷണ തലവനുമായ ആർ.കെ. ജല്ല, എ.എസ്.പി പീർസാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ശതംബരി ശർമ, നിസാർ ഹുസൈൻ, എസ്.ഐമാരായ ഇർഫാൻ വാനി, കെവാൽ കിഷോർ എന്നിവർക്കെതിരെയാണ് കേസെടുക്കാൻ നിർദ്ദേശിച്ചത്. 2018 ജനുവരിയിലാണ് കത്വയിൽ ക്ഷേത്രത്തിനുള്ളിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് മൃഗീയമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതികളായ രണ്ട് പേർക്ക് മരണം വരെ തടവുശിക്ഷയും തെളിവ് നശിപ്പിച്ച കേസിലെ പ്രതികൾക്ക് അഞ്ച് വർഷം വരെ തടവും വിധിച്ചിരുന്നു.