election

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നാളെ. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം തപാൽ വോട്ടുകളും പിന്നീട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടും എണ്ണും. അഞ്ചു മണ്ഡലങ്ങളിലും അഞ്ചു വീതം ബൂത്തുകളിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണും. സിസിടിവി നിരീക്ഷണത്തിലായിരിക്കും ഇത്.

രാവിലെ പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാം. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിട്ടോടെ നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. മഞ്ചേശ്വരത്ത് പൈവളികേ നഗറിലെ ഗവ: എച്ച്.എസ്, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരിൽ ചേർത്തല എൻ.എസ്.എസ് കോളേജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ് , വട്ടിയൂർക്കാവിൽ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. 18 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലങ്ങളിലേക്കും, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും നാളെയാണ്. മഹാരാഷ്‌ട്ര, ബീഹാർ എന്നിവിടങ്ങളിലെ ഓരോ ലോക്സഭാ മണ്ഡലത്തിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നിരുന്നു. ഇതും നാളെ എണ്ണും. അതേസമയം, സംസ്ഥാനത്ത് അഞ്ചു മണ്ഡലങ്ങളിലെ ഔദ്യോഗിക പോളിംഗ് ശതമാനം ഇങ്ങനെ: വട്ടിയൂർക്കാവ് 62.66, കോന്നി 70.07, അരൂർ 80.47, എറണാകുളം 57.91, മഞ്ചേശ്വരം 75.78. അഞ്ചിടത്തെ പോളിംഗ് ശരാശരി: 69.93 ശതമാനം.