കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ പ്രതി ജോളിയുടെ ഭർത്താവ് ഷാജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താൻ ഷാജു ജോളിയെ സഹായിച്ചതായി സംശയമുണ്ടെന്ന് സിലിയുടെ ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് ഒപ്പിട്ട് നൽകിയത് ഷാജുവാണ്. സിലിയുടെ സഹോദരൻ സിജോയോട് ഒപ്പിടാൻ ഷാജുവും ജോളിയും നിർബന്ധിച്ചെങ്കിലും സിജോ തയ്യാറായില്ല. സിലിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ ഓടിച്ചിരുന്നത് ജോളിയായിരുന്നു. അവശയായ സിലിയെ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും സിലിയുടെ ബന്ധു സേവ്യർ പറഞ്ഞു.
ഷാജുവിനോട് ഇന്ന് എസ്.പി ഓഫിസിൽ ഹാജരാകാനാണു നിർദേശം നൽകിയിരിക്കുന്നത്. സിലിയുടെ മരണത്തിൽ ഷാജുവിനു പങ്കുണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ നിഗമനം. സിലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് ഷാജുവും ജോളിയും വാശി പിടിച്ചതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം 11 മണിക്കൂറോളം ജോളിയെ ചോദ്യം ചെയ്തപ്പോൾ ഷാജുവിന് സിലിയുടെ മരണത്തെക്കുറിച്ച് അറിയാം എന്ന് ജോളി ആവർത്തിച്ചിരുന്നു. നേരത്തെ സിലിയുടെ ആഭരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട് ജോളിയുടെ പുതിയ മൊഴി പുറത്തു വന്നിരുന്നു. ആഭരണങ്ങൾ ഷാജുവിനെ ഏൽപ്പിച്ചുവെന്നാണ് ജോളി മൊഴി നൽകിയത്. എന്നാൽ, ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു.