red-169

സി.ഐ അലിയാർ പെട്ടെന്നു മുഖഭാവം മാറ്റി. ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

''അല്ല... എം.എൽ.എ സാറോ... ഇരിക്കണം."

ശ്രീനിവാസ കിടാവിന്റെ മുഖം പക്ഷേ കല്ലിച്ചുതന്നെയിരുന്നു.

ശബ്ദമുണ്ടാക്കി കസേര വലിച്ചുനീക്കിയിട്ട് അയാൾ ഇരുന്നു. തൊട്ടരുകിൽ ശേഖരകിടാവും.

''ഞാൻ വന്നത്." കിടാവു പറഞ്ഞുതുടങ്ങി. ''എന്റെ വീട്ടിൽ ഇന്നലെ രാത്രിയിൽ ചിലർ അതിക്രമിച്ചു കയറി. ചുങ്കത്തറയിലെ വീട്ടിൽ പല സാധനങ്ങളും കൊള്ളയടിക്കപ്പെട്ടു. ആ വിവരം അന്വേഷിക്കുവാൻ ചെന്ന എന്റെ പണിക്കാരെ നിങ്ങൾ കസ്റ്റഡിയിൽ എടുത്തുവെന്ന് അറിഞ്ഞു."

കൗതുകം ഭാവിച്ച് അലിയാർ മേശപ്പുറത്ത് കൈമുട്ടുകൾ ഊന്നി. പിന്നെ കൈപ്പത്തിയിൽ താടിചേർത്ത് കിടാവിനെ നോക്കിയിരുന്നു.

''കുറച്ചുപേരെ അറസ്റ്റുചെയ്തു എന്നുള്ളത് സത്യം തന്നെ. അവർ പക്ഷേ സാറിന്റെ പണിക്കാര് ആയിരുന്നുവെന്ന് ഞാനറിഞ്ഞില്ല."

''ഇപ്പഴറിഞ്ഞില്ലേ?" ചോദിച്ചത് ശേഖരകിടാവാണ്. ''എങ്കിൽ പിന്നെ അവരെയങ്ങ് വിട്ടുകൂടേ?"

അലിയാരുടെ കണ്ണുകൾ കുറുകി.

''താനാരാ?"

ശേഖരൻ അമ്പരന്നു.

''ഇദ്ദേഹത്തിന്റെ അനുജൻ."

ശേഖരൻ ഗൗരവത്തിൽ അറിയിച്ചു.

''അതറിയാം. നിങ്ങളുടെ വീട്ടിൽ മോഷണം നടന്നോ?"

''ഇല്ല."

''നിങ്ങൾ എം.എൽ.എയോ മന്ത്രിയോ, പോട്ടെ... ഒരു വാർഡ് മെമ്പറോ എന്റെ മേലാപ്പീസറോ ആണോ?"

''അല്ല." ശേഖരൻ വിളറി.

''എങ്കിൽ മിണ്ടാതവിടിരുന്നോണം. ഞാൻ സംസാരിക്കുന്നത് സ്ഥലം എം.എൽ.എയോടാണ്."

മുഖമടച്ച് ഒരു അടികിട്ടിയതുപോലെയായി ശേഖര കിടാവ്.

''അലിയാരേ..."

പെട്ടെന്ന് ശ്രീനിവാസ കിടാവ് ശബ്ദമുയർത്തി.

''സാറ് പറയണം. കേൾക്കാൻ എനിക്കു ബാദ്ധ്യതയുണ്ട്."

അലിയാർ ഒരു പേനയെടുത്ത് വിരലുകൾക്കിടയിൽ വച്ചു കറക്കി.

''ശേഖരൻ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്."

''ഓക്കെ... പക്ഷേ സാറിന്റെ വീട്ടിൽ മോഷണം നടത്തിയവരെക്കുറിച്ച് എന്തെങ്കിലും സംശയം?"

''അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ അവരെ തപ്പിയേനെയല്ലോ."

''അതറിയാം സാർ. പക്ഷേ എനിക്കു കൃത്യമായി അറിയാം അവിടെ കയറിയവർ ആരായിരുന്നെന്നും അവരുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നും. ഞാനും അന്വേഷിച്ചുകൊണ്ടിരിക്കുന്ന രണ്ട് ക്രിമിനലുകളാണവർ. വൺ മിസ്റ്റർ പ്രജീഷ്. അയാളുടെ കാമുകി ചന്ദ്രകല. സാറിന് അവരെ അറിയാമല്ലോ അല്ലേ?"

ശ്രീനിവാസ കിടാവ് ഒന്നു പതറി. അത് അറിഞ്ഞുകൊണ്ടുതന്നെ അലിയാർ തുടർന്നു:

''വേറെ ചിലതുകൂടി എനിക്കറിയാം. ഒരു പത്ത് കോടി രൂപയുടെ ഡീൽ. അത് തന്ത്രപൂർവ്വം അപഹരിച്ചതും അവരെ കൊല്ലാൻ ശ്രമിച്ചതും."

കിടാവ് വിയർക്കാൻ തുടങ്ങി.

''ഞാനിത് ചുമ്മാ പറയുന്നതല്ല സാറേ.. ചന്ദ്രകലയും സാറുമായി ഇന്നുരാവിലെ നടത്തിയ ഫോൺ സംഭാഷണം എന്റെ പക്കലുണ്ട്. അവൾ പറഞ്ഞ കിടപ്പറ രഹസ്യമടക്കം. എന്താ കേൾക്കണോ?"

മിണ്ടാനായില്ല കിടാവിന്.

അലിയാർ പിന്നെയും പറഞ്ഞു.

''അതിനുശേഷം സാറ് പരുന്ത് റഷീദ് എന്ന നൊട്ടോറിയസ് ക്രിമിനലുമായി ഫോണിൽ പറഞ്ഞതും എനിക്കറിയാം. സോറി... അയാൾ ക്രിമിനലല്ലല്ലോ.. സാറിന്റെ പണിക്കാരനല്ലേ?"

ഇവിടേക്കു വന്നത് അബദ്ധമായിപ്പോയി എന്ന് ഇപ്പോൾ കിടാക്കന്മാർക്കു തോന്നി. പരുന്തിന്റെ മനസ്സിലെ രഹസ്യങ്ങൾ അലിയാർ ചുരണ്ടിയെടുക്കാതിരിക്കുവാനാണ് അങ്ങനെ ചെയ്തത്.

അയാളുടെ ചിന്തയെ മുറിച്ചുകൊണ്ട് അലിയാരുടെ ശബ്ദം കേട്ടു.

''പിന്നെയും ഒരുപാട് സത്യങ്ങൾ ഛർദ്ദിച്ചുകഴിഞ്ഞു നിങ്ങളുടെ പണിക്കാരൻ. രണ്ട് വട്ടം എന്നെ കൊല്ലാൻ ശ്രമിച്ചതടക്കം. അതുകൊണ്ട് തൽക്കാലം സാറ് വേറെ പണിക്കാരെ നോക്ക്. ഇവരെക്കൊണ്ട് എനിക്ക് വേറെ പണിയൊണ്ട്."

സംഗതി കുരുക്കാകുകയാണെന്ന് കിടാവിനു ബോദ്ധ്യമായി.

''അവരെ താൻ വിടില്ലെന്ന് ഉറപ്പാണല്ലോ അല്ലേ?"

''അതല്ലേ ഞാൻ പറഞ്ഞത്?"

''എങ്കിൽ അവരെ താൻ വിടും. തന്റെ മേലെയും ഉദ്യോഗസ്ഥന്മാർ ഉണ്ടെന്നു മറക്കണ്ടാ."

കസേര പിന്നോട്ടുതള്ളി ശ്രീനിവാസ കിടാവ് ചാടിയെഴുന്നേറ്റു.

''യ്യോ... അങ്ങനെയൊക്കെ പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ സാറേ... ഞാൻ പാന്റിൽ മുള്ളിപ്പോകും."

അലിയാർ പരിഹസിച്ചു.

തറ ചവുട്ടിക്കുലുക്കി പുറത്തേക്കു നീങ്ങി കിടാക്കന്മാർ.

ഹാഫ് ഡോറിനടുത്ത് എത്തിയിട്ട് ശ്രീനിവാസ കിടാവ് തിരിഞ്ഞുനിന്നു.

''ഒന്നിൽ പിഴച്ചാൽ മൂന്നെന്നാ പ്രമാണം. ഇനിയും തനിക്ക് ആയുസ്സ് നീട്ടിക്കിട്ടുവാൻ അള്ളാഹുവിനോട് പ്രാർത്ഥിച്ചേക്കണം."

അലിയാർ ചാടിയെഴുന്നേറ്റു.

''അള്ളാഹു കുറിച്ചുതന്ന ആയുസ്സിന്റെ സർട്ടിഫിക്കറ്റ് എന്റെ മൊബൈലിൽ സേവു ചെയ്തിട്ടുണ്ട് സാറേ... അതിനുമുൻപ് പേകേണ്ടിവന്നാൽ ഈ നിലമ്പൂരിനെ മലീമസമാക്കിക്കൊണ്ടിരിക്കുന്ന ചിലർ ഉണ്ടാവും എന്റെ ഇരുവശത്തും."

മറുപടി പറയാതെ കിടാക്കന്മാർ പോയി.

അലിയാരുടെ നീക്കം പെട്ടെന്നായിരുന്നു. സ്റ്റേഷനിലെ ലാന്റ് ഫോൺ ഊരിയിട്ടു. അവിടെ അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സകലരുടെയും സെൽഫോണുകൾ സ്വിച്ചോഫ് ചെയ്യിച്ചു.

വയർലസ് വഴി ഒരു മേലുദ്യോഗസ്ഥനും കുറ്റവാളികളെ വിട്ടയയ്ക്കുവാൻ നിർദ്ദേശിക്കില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു...

ഉച്ചയ്ക്കു മുൻപ് ചാർജ് ഷീറ്റ് തയ്യാറാക്കി പരുന്തിനെയും സംഘത്തെയും കോടതിയിലേക്കു കൊണ്ടുപോയി...

(തുടരും)