brahmos

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപിൽ നടത്തിയ ലോകത്തെതന്നെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന്റെ ഭൂതല പരീക്ഷണം വിജയകരമെന്ന് ഇന്ത്യൻ വ്യോമസേന. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബ്രഹ്‌മോസിന്റെ പരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു. പതിവ് പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് വ്യോമസേന വക്താവ് അറിയിച്ചു.

300 കിലോമീറ്റർ ദൂരെയുള്ള നിയുക്ത മോക്ക് ടാർഗറ്റുകളെ ലക്ഷ്യംവച്ചായിരുന്നു ബ്രഹ്‌മോസ് കുതിച്ചത്. കടലിലോ കരയിലോ ഉള്ള ഏതൊരു ലക്ഷ്യസ്ഥാനത്തേക്കും എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ ബ്രഹ്‌മോസിന് സാധിക്കും. വായു,​കര,​കടൽ പരീക്ഷണങ്ങൾ ബ്രഹ്‌മോസ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2.5 ടൺ ഭാരമുള്ള മിസൈലിന്‌ 300 കിലോമീറ്റർ ദൂരപരിധിയുണ്ട്‌. ഇത് 500 കിലോമീറ്ററായി ഉയർത്താനാണ് വ്യോമസേന ലക്ഷ്യമിടുന്നത്. ഈ മിസൈലുകൾ തുടക്കം മുതൽ ലക്ഷ്യം കാണുന്നത് വരെ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാൽത്തന്നെ കൃത്യതയും കൂടുതലാണ്.

80​0 കിലോമീറ്റർ പരിധിയുള്ള ബ്രഹ്‌മോസ് മിസൈലിന്റെ മറ്റൊരു പതിപ്പ് ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡി.ആർ.ഡി.ഒ മേധാവി മുമ്പ് വ്യക്തമാക്കിയിരുന്നു. അധികം കാലതാമസം വരാതെ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്ന് റിപ്പോർട്ടുണ്ട്. ബ്രഹ്‌മോസിന് ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ സഞ്ചരിക്കാനാവും. ബ്രഹ്‌മോസിനെ വഹിക്കാന്‍ ശേഷിയുള്ള സുഖോയ് 30 ജെറ്റ് വിമാനങ്ങള്‍ പരിഷ്കരിച്ചിരുന്നു. ഹൈപ്പർ സോണിക് മിസൈലായ ബ്രഹ്‌മോസ് II (K)യ്ക്കായുള്ള ശ്രമത്തിലെ രാജ്യത്തെ ഗവേഷകർ ഇപ്പോൾ. ശബ്ദത്തിന്റെ ഏകദേശം ഏഴിരട്ടി വേഗത്തിൽ ഈ മിസൈലിന് സഞ്ചരിക്കാൻ കഴിയുമെന്നാണ് സൂചന. മുൻ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ അബ്ദുൾ കലാമിനോടുള്ള ആദര സൂചകമായാണ് ഇതിന്റെ പേരിന്റെ കൂടെ K ചേർത്തത്.