ന്യൂഡൽഹി: ഇത്തവണ ഇന്ത്യയുടെ ദീപാവലി മധുരപലഹാരങ്ങളും സമ്മാനങ്ങളും സ്വീകരിക്കില്ലെന്ന് പാകിസ്ഥാൻ. ദീപാവലി മധുര പലഹാര കൈമാറ്റം വേണ്ടെന്ന് പാക് റേഞ്ചർമാരും ഐ.എസ്.ഐയുമാണ് വ്യക്തമാക്കിയത്. പാകിസ്ഥാൻ അതിർത്തിയിൽ കാവൽ സേനയായ പാക് റേഞ്ചർമാരും കറുത്തവസ്ത്രങ്ങളും തലപ്പാവും പതാക താഴ്ത്തൽ ചടങ്ങുകൾ ദിവസവും നടക്കുന്നുണ്ടെന്നും എന്നാൽ, സമ്മാനങ്ങൾ സ്വീകരിക്കില്ലെന്നും പാക് വൃത്തങ്ങൾ വ്യക്തമാക്കി. അതിർത്തിയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായതാണ് മധുരം സ്വീകരിക്കുന്നതിൽ നിന്ന് പാകിസ്ഥാനെ പിൻവലിപ്പിച്ചത്.
ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം രൂക്ഷമാണ്. അതിർത്തി പ്രദേശത്ത് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് നിരന്തരമായി വെടിനിറുത്തൽ കരാർ ലംഘനങ്ങൾ തുടരുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിനെ തുടർന്ന് പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പുകൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു.
നേരത്തേ ഈദിനോടനുബന്ധിച്ചും കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചും ഇന്ത്യൻ സൈനികരിൽ നിന്ന് മധുരപലഹാരം പാകിസ്ഥാൻ റേഞ്ചർമാർ സ്വീകരിച്ചിരുന്നില്ല. അതിർത്തിയിൽ തുടർച്ചയായി വെടിനിറുത്തൽ കരാർ ലംഘനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പാകിസ്ഥാന്റെ നടപടി. അന്ന് ഇന്ത്യൻ ജവാൻ നൽകിയ മധുരപലഹാരം സ്വീകരിയ്ക്കാൻ പാക് പട്ടാളക്കാരൻ തയ്യാറായില്ല. ആശംസകൾ കൈമാറുന്ന പതിവും ഉണ്ടായില്ലെന്നായിരുന്നു റിപ്പോർട്ട്.