dubai-duty-free-ticket-

ദുബായ് : കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങവേ ദുബായ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നുമെടുത്ത കൂപ്പണിൽ മലയാളി പ്രവാസികൾക്കടിച്ചത് പത്ത് ലക്ഷം അമേരിക്കൻ ഡോളർ (ഏഴു കോടി രൂപ). ദുബായിൽ സ്റ്റീൽ ഫാബ്രിക്കേഷൻ ബിസിനസ് നടത്തി വരുകയായിരുന്ന തിരുവന്തപുരം സ്വദേശി കമലാസനൻ നാടാർ വാസുവും സുഹൃത്തായ പ്രസാദും ചേർന്നാണ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും കൂപ്പൺ വാങ്ങിയത്. മുപ്പത് വർഷമായി യു.എ.ഇയിലാണ് കമലാസനൻ, ഏറെ നാളായി ടിക്കറ്റ് എടുത്തിരുന്ന ഇദ്ദേഹം സമ്മാനമടിക്കാത്തതിനാൽ നിരാശനായി അടുത്ത കുറച്ചുകാലമായി ടിക്കറ്റ് വാങ്ങിയിരുന്നില്ല.

എന്നാൽ സാമ്പത്തിക മാന്ദ്യത്തിൽ ബിസിനസിൽ ഇടിവുണ്ടാവുകയും സാമ്പത്തിക പ്രശ്നങ്ങളിൽപ്പെട്ടു നിൽക്കുകയും ചെയ്ത സമയത്താണ് വീണ്ടും ഭാഗ്യപരീക്ഷണത്തിന് മുതിർന്നത്. ഇന്നലെ നറുക്കെടുപ്പ് നടന്നതോടെ നാട്ടിലുള്ള കമലാസനനെ തേടി അധികൃതരുടെ വിളിയെത്തി. ആദ്യം ആരെങ്കിലും പറ്റിക്കുകയാണോ എന്ന് കരുതിയ കമലാസനൻ സുഹൃത്തായ പ്രസാദിനെ വിളിച്ചാണ് കാര്യങ്ങളുടെ നിജസ്ഥിതി തിരക്കിയത്. ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം ദുബായിലാണ് പ്രസാദ് താമസം. സമ്മാനത്തുക പ്രസാദുമായി തുല്യമായി വീതം വയ്ക്കുമെന്ന് അറിയിച്ച കമലാസനൻ ദുബായിലേക്ക് മടങ്ങുവാനുള്ള തിരക്കിലാണ്.