novel

കോടതി, പരുന്ത് റഷീദിനെയും സംഘത്തെയും പതിനാല് ദിവസത്തേക്കു റിമാന്റു ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.

അടുത്ത ദിവസം അവരെ കസ്റ്റഡിയിൽ കിട്ടുവാൻ ഹർജി സമർപ്പിക്കണമെന്നും അലിയാർ തീരുമാനിച്ചിരുന്നു...

വൈകിട്ട് അലിയാരും പോലീസ് സംഘവും വടക്കേ കോവിലകത്ത് എത്തി. ജോലിക്കാരി ഭാനുമതി കിടാവിന്റെ വീട്ടിലേക്കു മടങ്ങിയിരുന്നു...

ഒരു തവണ കൂടി കോവിലകത്ത് പരിശോധന നടത്തി അലിയാരും എസ്.ഐ സുകേശും മറ്റും.

അക വരാന്തയിലൂടെ നടക്കുമ്പോൾ പെട്ടെന്ന് അലിയാരുടെ കണ്ണുകൾ ചെറിയ മണൽത്തരികൾ പോലെ എന്തിലോ പതിഞ്ഞു.

കർച്ചീഫ് കൂട്ടി അയാൾ അതെടുത്ത് മണത്തുനോക്കി.

കുന്തിരിക്കം!

അലിയാരുടെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായി...

ആ കുന്തിരിക്കം അയാൾ ഭദ്രമായി മടക്കി പോക്കറ്റിൽ തിരുകി.

പിന്നെ കോവിലകം സീൽ ചെയ്തു...

***** ****

ആ സമയത്ത് മായാറിലെ വാടകവീട്ടിൽ തിരിച്ചെത്തിയിരുന്നു ചന്ദ്രകലയും പ്രജീഷും.

തങ്ങളുടെ പണം തിരികെ കിട്ടിയതിൽ അതീവ സന്തോഷമുണ്ടായിരുന്നു ഇരുവർക്കും.

ധൈര്യപൂർവ്വം അവർ ഇവിടേക്കു തന്നെ പോരാൻ കാരണമുണ്ട്. സുരേഷ് കിടാവിന്റെ വീട്ടിൽ നിന്ന് പണമടങ്ങിയ പെട്ടിയുമായി ഇരുവരും റോഡിലേക്കിറങ്ങുമ്പോൾ ഒരു ഓട്ടോ വന്നു.

അതിൽ കയറി ചുങ്കത്തറയ്ക്കു പോകുവാനായിരുന്നു തീരുമാനം.

കഷ്ടിച്ച് അൻപതു മീറ്റർ പോയിക്കാണും. എതിരെ വന്ന ജീപ്പ് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാകുകയും ജീപ്പിൽ പരുന്ത് റഷീദ് ഇരിക്കുന്നതു കാണുകയും ചെയ്തു.

ഓട്ടോ ചുങ്കത്തറ - വഴിക്കടവ് മെയിൻ റോഡിലേക്കിറങ്ങുമ്പോൾ സി.ഐ അലിയാരുടെ ബൊലേറോ വെട്ടിത്തിരിഞ്ഞുപോയി.

ഇരു കൂട്ടരുടെയും ലക്ഷ്യം ഒന്നാണെന്നു ബോദ്ധ്യമായി.

ഇനി എന്തു നടക്കുന്നു എന്നറിയണമല്ലോ...

കിടാവിന്റെ കെട്ടിടത്തിൽ നിന്നുവരുന്ന റോഡ് കാണത്തക്ക വിധത്തിൽ ഒരു ഹോട്ടലിൽ കയറി.

സാവധാനം പൊറോട്ടയും ചിക്കൻ കറിയും കഴിച്ചുകൊണ്ടിരുന്നു.

അര മണിക്കൂർ കഴിഞ്ഞു.

രണ്ട് വാഹനങ്ങളിലായി പരുന്തും സംഘവും മടങ്ങുന്നതും കണ്ടതോടെ ധൈര്യമായി...

പരുന്ത് അത്രവേഗം പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടില്ല എന്ന് ഉറപ്പുണ്ട്.

തങ്ങളുടെ ഫോണുകൾ പരുന്തും മറ്റും ജീപ്പിൽ വച്ച് പിടിച്ചെടുത്തിരുന്നു. അതിനാൽ അവർ വില കുറഞ്ഞ രണ്ട് ഹാന്റ് സെറ്റുകൾ വാങ്ങി.

മസനഗുഡിയിൽ നിന്ന് ബ്രോക്കർ മുനിയാണ്ടിയുടെ ഐഡന്റിറ്റി കാർഡുകൊണ്ട് രണ്ട് സിംകാർഡുകളും സംഘടിപ്പിച്ചു.

അതിനു പ്രത്യുപകാരമായി മുനിയാണ്ടിക്ക് പതിനായിരം രൂപയും കൊടുത്തു.

അവരെ ഇവിടെ എത്തിച്ചിട്ടാണ് മുനിയാണ്ടി പോയത്. പെട്ടിക്കുള്ളിൽ വസ്ത്രങ്ങളാണെന്ന് മുനിയാണ്ടിയോട് കള്ളവും പറഞ്ഞു.

''ഈ പണം എവിടെ സൂക്ഷിക്കും?"

കുളികഴിഞ്ഞ് തലമുടി വിടർത്തിയിട്ടുകൊണ്ട് ചന്ദ്രകല, പ്രജീഷിന്റെ അടുത്തു വന്നിരുന്നു.

പ്രജീഷ് ഒരുനിമിഷം ചിന്തിച്ചു.

സുരക്ഷിതമായ ഭാഗത്ത് സൂക്ഷിക്കുന്നതാണ് അപകടം.

''നമുക്ക് നോക്കാം."

പറഞ്ഞുകൊണ്ട് പ്രജീഷ് പുറത്തിറങ്ങി.

മുറ്റത്തിന്റെ കോണിൽ കുറെ പാഴ്‌വസ്തുക്കൾ കിടപ്പുണ്ടായിരുന്നു.

''സന്ധ്യയാവട്ടെ..."

മടങ്ങിവന്ന് അയാൾ പറഞ്ഞു.

ഇനി ഏതായാലും നമ്മളെ കൊല്ലാനോ ശ്രദ്ധിക്കാനോ ആരും വരത്തില്ല. അതുകൊണ്ട് പേടിക്കേണ്ടതില്ല. എങ്കിലും ഒരു സംശയവും മനസ്സിൽ വച്ചുകൂടാ."

അയാൾ പറയുന്നത് അവൾക്കു മനസ്സിലായില്ല.

രാത്രി.

പ്രജീഷ് പണമടങ്ങിയ പെട്ടി ഒരു പഴയ ചാക്കിൽ പൊതിഞ്ഞു.

പിന്നെ ആ കെട്ടിടത്തിലെ ലൈറ്റുകൾ മുഴുവൻ ഓഫുചെയ്തിട്ട് പെട്ടി കൊണ്ടുപോയി പാഴ്‌വസ്തുക്കൾക്കിടയിൽ ഉപേക്ഷിച്ചു.

''ഇനി അത് പണമാണെന്ന് മുഖത്തു നോക്കി പറഞ്ഞാൽ പോലും ഒരുത്തനും വിശ്വസിക്കില്ല. അടുത്ത ദിവസമൊന്നും മഴ പെയ്യുമെന്ന പേടിയും വേണ്ടാ.."

''പ്രജീഷ്..."

ആവേശത്തോടെ ചന്ദ്രകല അയാളെ കെട്ടിപ്പുണർന്നു.

*********

രാത്രി കനത്തു.

തന്റെ ക്വാർട്ടേഴ്സിൽ നിന്ന് സി.ഐ അലിയാർ പുറത്തുവന്നു.

കറുത്ത പാന്റും ഷർട്ടുമായിരുന്നു വേഷം. ഷർട്ടിനു പുറത്ത് ഒരു ജാക്കറ്റും.

റിവോൾവറും ടോർച്ചുമൊക്കെ അയാൾ ജാക്കറ്റിന്റെ പോക്കറ്റുകളിൽ തിരുകി സിബ്ബ് വലിച്ചിട്ടു.

ശേഷം മുറ്റത്തിരുന്ന ബുള്ളറ്റ് ബൈക്കിൽ കയറി.

നിലമ്പൂരിൽ നിന്ന് ആഢ്യൻപാറയിലേക്കുള്ള പാതയിലേക്ക് ബൈക്കു തിരിഞ്ഞു.

റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഉണ്ടായിരുന്നില്ല.

വടക്കേ കോവിലകത്തിന് ഏതാണ്ട് അര കിലോമീറ്റർ അകലെ ഒരു മരത്തിന്റെ മറവിൽ ബൈക്കു നിർത്തി.

അവിടെ നിന്ന് കോവിലകം ലക്ഷ്യമാക്കി നടന്നു.

കയറ്റം കയറിത്തുടങ്ങിയതോടെ വിയർത്തു തുടങ്ങി.

ടോർച്ചും റിവോൾവറും ഭദ്രമായി കൈകളിലെടുത്തു.

എങ്ങും കനത്ത നിശ്ശബ്ദതയും കൂരിരുട്ടും.

ഏക്കറുകൾ ഉള്ള പറമ്പാണ് കോവിലകത്തിന്റേത്. അടുത്തെങ്ങും മനുഷ്യവാസമില്ല.

നേർത്ത നാട്ടുവെളിച്ചത്തിൽ ഒരു ഇരുൾക്കോട്ട പോലെ തലയുയർത്തി നിൽക്കുന്ന കോവിലകം കണ്ടു.

ഗേറ്റുകടന്ന് അയാൾ ആറ്റുചരൽ വിരിച്ച മുറ്റത്തെത്തി. കാൽക്കീഴിൽ ചരലുകൾ കരഞ്ഞ് ശബ്ദമുണ്ടായി....

(തുടരും)