indian-army

ന്യൂഡൽഹി : പാക് അതിർത്തിയിൽ നിന്നും 120 കിലോമീറ്ററുകൾ മാത്രം അകലെയുള്ള ജയ്സാൽമീറിലെ മരുഭൂമിയിൽ വൻ സൈനിക സന്നാഹമൊരുക്കി ഇന്ത്യൻ ആർമി. സൈന്യത്തിന്റെ അഭിമാനമായ സുദർശന ചക്ര വിഭാഗത്തിലെ നാൽപ്പതിനായിരം സൈനികരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. അത്യാധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളും യുദ്ധമുഖത്തിലെന്ന പോലെ ഇവിടെ പ്രയോഗിച്ചാണ് പരിശീലനം നടക്കുന്നത്.


സുദർശന ചക്ര വിഭാഗത്തിന്റെ പരിശീലനങ്ങളടങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ധീരതയും, മിന്നൽ പ്രഹര ശേഷിയും വെളിവാക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്. ടാങ്കുകളും കവചിത വാഹനങ്ങളും റോക്കറ്റ് ലോഞ്ചറുകളുടേയും പ്രഹര ശേഷി അരക്കിട്ടുറപ്പിക്കുകയാണ് പരിശീലനത്തിലൂടെ സൈന്യം ലക്ഷ്യമിടുന്നത്. അടുത്തിടെ പാകിസ്ഥാൻ ഭീകര ക്യാമ്പിനെ തകർത്ത് തരിപ്പണമാക്കിയ ബൊഫോഴ്സ് പീരങ്കികളും പരിശീലനത്തിൽ തീതുപ്പുന്ന കാഴ്ച ശ്വാസമടക്കി മാത്രമേ കണ്ടിരിക്കാനാവു. യുദ്ധമുഖത്ത് സൈനിക മുന്നേറ്റത്തിന് സഹായവുമായെത്തുന്ന ഫൈറ്റർ വിമാനങ്ങളുടെ പ്രകടനവും ഇവിടെ വിലയിരുത്തുന്നുണ്ട്. ഡിസംബർ അഞ്ചുവരെ ജയ്സാൽമീറിൽ കരസേനയുടെ പരിശീലനം തുടരും.