ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കനോട് ഉപമപ്പെടുത്തി ഇന്ത്യൻ- അമേരിക്കൻ അറ്റോർണി രവി ബത്ര രംഗത്ത്. ലിങ്കനെ പോലെ തന്നെ അനന്യസാധാരണങ്ങളായ തീരുമാനങ്ങൾ നിയമകാര്യങ്ങളിൽ സ്വീകരിക്കുന്നതിൽ മോദി തത്‌പരനാണെന്ന് രവി ബത്ര പറഞ്ഞു. കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന 370ആം വകുപ്പ് പിൻലവിച്ചു കൊണ്ട് മോദി നടത്തിയത് അത്തരത്തിലൊരു തീരുമാനമായിരുന്നെന്ന് അഭിപ്രായപ്പെട്ട ബത്ര, അതിർത്തിയിലെ ഭീകരവാദം തടയുന്നതിനായി ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ പ്രകീർത്തിക്കുകയും ചെയ്‌തു. തെക്കൻ ഏഷ്യയിലെ മനുഷ്യാവകാശം എന്ന വിഷയത്തിൽ ന്യൂയോർക്കിൽ നടന്ന പ്രതിനിധി സഭയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബത്ര.
'അതിർത്തി കടന്നു ഭീകരത നടമാടുന്ന അവസ്ഥ ഒരു രാജ്യത്ത് സംജാതമായാൽ എങ്ങനെയാണ് അവിടുത്തെ ജനങ്ങൾ സ്വന്തം വീട്ടിൽ നിന്നും ധൈര്യമായി പുറത്തിറങ്ങാൻ തയ്യാറാവുക. അവർക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. കാശ്‌മീർ വിഷയത്തിൽ മോദിയുടെ തീരുമാനം ഉചിതം തന്നെയായിരുന്നു. രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരേ അവകാശം സാധ്യമാക്കുകയാണ് അദ്ദേഹം ചെയ‌്തത്. അതിന്റെ പേരിൽ ഒരു സംഘർഷവും രാജ്യത്ത് ഉണ്ടായില്ല, പകരം ഭീകരവാദികൾ ഉന്മൂലനം ചെയ്യപ്പെടുകയുണ്ടായി'-ബത്ര പറഞ്ഞു.