ag

തിരുവനന്തപുരം: അഡ്വക്കറ്റ് ജനറൽ സി.പി സുധാകർ പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മന്ത്രിമാർക്ക് പുറമെ ക്യാബിനറ്റ് പദവി ലഭിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് എ.ജി. പ്രോട്ടോക്കോൾ പാലിക്കാൻ ക്യാബിനറ്റ് പദവി ആവശ്യമാണെന്നും,​ മറ്റ് പല സംസ്ഥാനങ്ങളിലും ഇത് ഉണ്ടെന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം. നിയമവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് നടപടി. മുമ്പ് ഇത്തരത്തിലൊരു നിർദേശം ഉയർന്ന് വന്നെങ്കിലും എതിർപ്പുകളെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ കൈകാര്യം ചെയ്യുന്നതും സര്‍ക്കാരിന് നിയമോപദേശം നൽകുന്നതും എ.ജിയാണ്. 2016ലാണ് തിരുവനന്തപുരം സ്വദേശിയായ സി.പി സുധാകർ പ്രസാദിനെ അഡ്വക്കറ്റ് ജനറലായി നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തത്.

നിലവിൽ മുന്നോക്ക സമുദായ കമ്മിഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള,​ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ,​ ഡൽഹിയിലെ സംസ്ഥാന പ്രതിനിധി എ സമ്പത്ത്,​ സർക്കാർ ചീഫ് വിപ്പ് ആർ.രാജൻ എന്നിവർക്കാണ് ക്യാബിനറ്റ് പദവിയുള്ളത്.