അഗർത്തല : അഴിമതി നടത്തിയെന്നാരോപിച്ച് ത്രിപുര മുൻ മന്ത്രിയെ പൊലീസ് ആശുപത്രിയിൽ കയറി അറസ്റ്റ് ചെയ്തു. ത്രിപുരയിൽ നാല് തവണ പൊതുമരാമത്ത് മന്ത്രിയായ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ബാദൽ ചൗധരിയെയാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. ബിപ്ലവ് കുമാറിന്റെ കീഴിലുള്ള ബി.ജെ.പി സർക്കാർ അധികാരമേറ്റയുടൻ മുൻ സർക്കാരിന്റെ കാലത്തെ അഴിമതികളെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രിയായിരിക്കവേ 630 കോടിയുടെ അഴിമതി ബാദൽ ചൗധരി നടത്തിയെന്ന് കണ്ടെത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പൊലീസ് തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ അറസ്റ്റ് തടയുന്നതിനായി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ബാദൽ ചൗധരി കോടതി ആവശ്യം തള്ളിയതോടെ ഒളിവിൽ പോവുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉയർന്ന രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി അഡ്മിറ്റായതോടെയാണ് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ആശുപത്രി വിട്ടാലുടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. കേസിൽ ബാദൽ ചൗധരിക്കൊപ്പം സർക്കാർ ഉദ്യോഗസ്ഥരും പ്രതികളാണ്.