kaumudy-news-headlines

1. കൊച്ചിയിലെ വെള്ളക്കെട്ടില്‍ സര്‍ക്കാര്‍ ഇടപെടുന്നു. കൊച്ചി മേയറെ മുഖ്യമന്ത്രി വിളിപ്പിച്ചു. നഗരസഭാ സെക്രട്ടറിയും തിരുവനന്തപുരത്ത് എത്തണം. മറ്റന്നാള്‍ തിരുവനന്തപുരത്ത് എത്തണം എന്നാണ് നിര്‍ദ്ദേശം. കൊച്ചിയിലെ വെള്ളക്കെട്ടില്‍ നഗരസഭയ്ക്ക് എതിരെ ഹൈക്കോടതി ഇന്നും നടത്തിയത് രൂക്ഷ വിമര്‍ശനങ്ങള്‍. കൊച്ചി നഗരത്തില്‍ ഇതുവരെ കാണാത്ത വെള്ളക്കെട്ട്. കോടതി സംസാരിച്ചത് ജനങ്ങള്‍ക്ക് വേണ്ടി എന്നും അതില്‍ വിവാദം വേണ്ട എന്നും ഹൈക്കോടതി


2. കഴിഞ്ഞ പ്രളയത്തില്‍ നിന്നും പാഠം പഠിച്ചില്ല. സര്‍ക്കാര്‍ ഇടപെട്ടത് നല്ലകാര്യം എന്ന് നിരീക്ഷിച്ച കോടതി ഭാവി പദ്ധതികള്‍ എന്ത് എന്നും ചോദിച്ചു. ബ്രേക് ത്രൂ പദ്ധതിയില്‍ പങ്കെടുത്തവരെ കോടതി അഭിനന്ദിച്ചു. വെള്ളക്കെട്ട് പരിഹരിക്കാന്‍ ദൗത്യസംഘം രീപീകരിക്കണം. 10 ദിവസത്തിന് അകം സംഘത്തെ രൂപീകരിക്കാന്‍ ആണ് നിര്‍ദ്ദേശം. സംഘത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വേണം എന്നും ഹൈക്കോടതി. കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണം വേലിയേറ്റം ആണ് എന്നായിരുന്നു കൊച്ചി കോര്‍പറേഷന്റെ വാദം. എന്നാല്‍ വെറുതെ എന്തെങ്കിലും പറയരുത് എന്ന് മുന്നറയിപ്പ് നല്‍കിയ കോടതി, പ്രശ്നത്തിന് പരിഹാരം കാണാന്‍ കോര്‍പറേഷന് ശേഷിയുണ്ടോ എന്നും ചോദിച്ചു
3. അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഇതോടെ മന്ത്രിമാര്‍ക്ക് പുറമെ കാബിനറ്റ് റാങ്ക് ലഭിക്കുന്ന അഞ്ചാമനാണ് എ.ജി. മോട്ടോര്‍ വാഹന നിയമലംഘനങ്ങളിലെ ഉയര്‍ന്ന പിഴ തുക കുറയ്ക്കാനും മന്ത്രിസഭാ തീരുമാനം. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. സീറ്റ്‌ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാലുള്ള പിഴ തുക 1000-ല്‍ നിന്നും 500 ആക്കും. ഉയര്‍ന്ന വേഗതയില്‍ വാഹനം ഓടിച്ചാലുള്ള പിഴത്തുക 1500 ഉം ആവര്‍ത്തിച്ചാല്‍ 3000ഉം ആയിരിക്കും
4. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. എസ്.ഐ മോഹന്‍ദാസിനെ ആണ് സ്ഥലം മാറ്റിയത്. ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചതിനാല്‍ ആണ് സ്ഥലംമാറ്റം. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മോഹന്‍ ദാസിനെ സ്ഥലം മാറ്റിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന് കാട്ടി ദേശീയ വനിതാ കമ്മിഷനും സംസ്ഥാന വനിതാ കമ്മിഷനും കന്യാസ്ത്രീ ഇന്ന് പരാതി നല്‍കിയിരുന്നു. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുകയും ഭീഷണി പെടുത്തുകയും ചെയ്യുന്നു എന്നാണ് കന്യാസ്ത്രീയുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജലന്ധറില്‍ എത്തി ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് കൈമാറി. അടുത്തമാസം 11ന് നേരിട്ട് ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം
5. ഫ്രാങ്കോ കേസില്‍ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് ഇടയില്‍, വീണ്ടും ഇരയെ സമൂഹ മാദ്ധ്യമത്തില്‍ തിരിച്ചറിയുന്നതിന് ഇടയാക്കുന്ന തരത്തിലും അപകീര്‍ത്തി പെടുത്തുന്ന വിധത്തിലും വീഡിയോകള്‍ ഇറക്കുന്നതിന് എതിരെ ആണ് പരാതി
6. ബ്രെക്സിറ്റ് യാഥാര്‍ഥ്യമാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ബ്രെക്സിറ്റ് നടപ്പാക്കാനുള്ള സമയപരിധിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചില്ല. ബ്രെക്സിറ്റിന്റെ സമയം നീട്ടി നല്‍കുന്നതിനെ കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രെക്സിറ്റ് ബില്ലിനെ സംബന്ധിച്ച് ഇന്നലെ നടത്തിയ ആദ്യ വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും സര്‍ക്കാറിനെ പിന്തുണച്ച് വോട്ട് ചെയ്തു. എന്നാല്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ തിരിച്ചടി നേരിട്ട പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് ബ്രെക്സിറ്റ് താല്‍ക്കാലികമായി നിറുത്തി വെക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്.
7. ഇക്കാരണത്താല്‍ ഒകേ്ടാബര്‍ 31ന് യൂറോപിയന്‍ യൂണിയനില്‍ നിന്ന് പിന്തിരിയുന്നത് സമ്പന്ധിച്ചുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യൂറോപിയന്‍ യുണിയനോട് ജനുവരി 31 വരെ സമയം നീട്ടി നല്‍കാന്‍ അനുവദിച്ച് കൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് കൂടുതല്‍ സമയം അനുവദിക്കണമോ എന്ന ചര്‍ച്ചകള്‍ യൂറോപ്യന്‍ യൂണിയനിലും സജീവമാണ്.
8. വടക്കു കിഴക്കന്‍ സിറിയയില്‍ കുര്‍ദുകള്‍ക്ക് എതിരേ ആക്രമണം നടത്തുന്ന സൈന്യത്തെ പിന്‍വലിക്കും എന്ന് തുര്‍ക്കി. പ്രഖ്യാപനം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചക്ക് ഒടുവില്‍. ആറു ദിവസത്തിനുള്ളില്‍ സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കുമെന്ന് എര്‍ദോഗന്‍ പറഞ്ഞു. നേരത്തേ, കുര്‍ദിഷ് സേനയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കണമെന്ന അമേരിക്കയുടെ നിര്‍ദേശം എര്‍ദോഗന്‍ നിരാകരിച്ചിരുന്നു.
9. സിറിയയിലെ സൈനികനീക്കം അവസാനിപ്പിക്കണം എന്ന് നിരവധി ലോകരാജ്യങ്ങളും തുര്‍ക്കിയോട് ആവശ്യപ്പെട്ടിരുന്നു. സിറിയ-തുര്‍ക്കി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ശ്രമമെന്ന് റഷ്യ അറിയിച്ചിരുന്നു. വടക്കു- കിഴക്കന്‍ സിറിയന്‍ പ്രദേശം കുര്‍ദുകളുടെ നിയന്ത്രണത്തില്‍ ആയാല്‍ തുര്‍ക്കിയിലെ കുര്‍ദ് പോരാളികള്‍ക്ക് സഹായകമാകും എന്നതിനാലാണ് തുര്‍ക്കി ഏകപക്ഷീയമായ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് മേഖലയില്‍ നിന്നും കുറഞ്ഞത് ഒരു ലക്ഷത്തോളം പേര്‍ പലായനം ചെയ്തതായാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്.