കേരളത്തിലെ സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിക്കൊണ്ടു നടക്കുന്ന മാർക്ക് ദാനവും മറ്റ് നടപടികളും നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ചരിത്രത്തിൽ ഉണ്ടാകാത്ത വിധത്തിലുള്ള പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.
ഉന്നത മൂല്യങ്ങളാലും ഉയർന്ന ദിശാബോധത്താലും നയിക്കപ്പെടേണ്ടവയാണ് സർവകലാശാലകൾ. സംസ്ഥാനത്ത് ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം പ്രൊഫ.സി.രവീന്ദ്രനാഥും തുടർന്ന് ഡോ.കെ.ടി.ജലീലുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിമാരായത്. ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള ഇരുവരും ഉന്നത വിദ്യാഭ്യാസ മന്ത്രിമാരായപ്പോൾ പൊതുസമൂഹത്തിന് വലിയ പ്രതീക്ഷകളാണുണ്ടായത്. പക്ഷേ പ്രതീക്ഷകൾ അസ്ഥാനത്താകുന്ന കാഴ്ചയാണ് കണ്ടത്. അതിൽ കെ.ടി ജലീൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആയതോടെ കേരളത്തിലെ സർവകലാശാലകളുടെ വിശ്വാസ്യതയും അക്കാഡമിക് മികവും തകർക്കപ്പെടുന്ന അതീവ ദു:ഖകരമായ അവസ്ഥയാണുണ്ടായത്. സ്വയംഭരണസ്ഥാപനങ്ങളായ സർവകലാശാലകളെ തന്റെ ചൊൽപ്പടിക്ക് നിറുത്തുകയും സിൻഡിക്കേറ്റുകളെ നോക്കുകുത്തികളാക്കുകയും വൈസ് ചാൻസലർമാരെ ആജ്ഞാനുവർത്തികളാക്കുകയുമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ ചെയ്യുന്നത്. സിൻഡിക്കേറ്റും വൈസ് ചാൻസലറുമാണ് എല്ലാം ചെയ്തതെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. തെളിവുകൾ നിരത്തി മന്ത്രിയുടെ ഇടപെടൽ സ്ഥാപിച്ചപ്പോൾ താൻ ഇനിയും ചട്ടവും വകുപ്പുകളും ലംഘിക്കുമെന്ന് പ്രഖ്യാപിക്കാനുള്ള ധാർഷ്ട്യവും മന്ത്രി പ്രകടിപ്പിച്ചു. ഇത് ദുരന്തമാണ്.
പബ്ളിക് സർവീസ് കമ്മിഷനിലെ പരീക്ഷാ ക്രമക്കേടുകളും മാർക്ക് തട്ടിപ്പും നമ്മളെ ഞെട്ടിപ്പിച്ചതാണ്. പക്ഷേ അതിനെക്കാൾ ഭീമമായ ക്രമക്കേടുകളാണ് പിന്നാലെ സർവകലാശാലകളിൽ നിന്ന് പുറത്തു വന്നത്. നേരത്തെ കേരള സാങ്കേതിക സർവകലാശാലയുടെ എൻജിനിയറിംഗ് പരീക്ഷയിൽ തോറ്റ ഒരു വിദ്യാർത്ഥിയെ മന്ത്രി കെ.ടി.ജലീൽ ഇടപെട്ട് ജയിപ്പിച്ച സംഭവം വിവാദമായിരുന്നു. പക്ഷേ അത് മഞ്ഞുമലയുടെ ഒരഗ്രം മാത്രമായിരുന്നു. മന്ത്രിയുടെയും മന്ത്രിയുടെ ഓഫീസിന്റെയും അവിഹിത ഇടപെടലുകളുടെ അമ്പരപ്പിക്കുന്ന വിവരങ്ങളുടെ മലവെള്ളപ്പാച്ചിലാണ് പിന്നാലെ ഉണ്ടായത്. എം.ജി സർവകലാശാലയിൽ നടന്ന ഗുരുതരമായ മാർക്ക് ദാനം എല്ലാ സീമകളെയും ലംഘിച്ച് മാർക്ക് കുംഭകോണത്തിന്റെ സ്വഭാവത്തിലേക്ക് എത്തുക പോലും ചെയ്തു. 2019 ഫെബ്രുവരി 22 ന് എം.ജി. സർവകലാശാലയിൽ നടന്ന ഫയൽ അദാലത്തിൽ കോതമംഗലത്തെ സ്വാശ്രയ എൻജിനിയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിനിക്ക് ആറാം സെമസ്റ്ററിലെ ഒരു പേപ്പറിന് ഒരു മാർക്ക് കൂട്ടിയിട്ടു കൊടുക്കാൻ കൈക്കൊണ്ട തീരുമാനമാണ് വൻതോതിലുള്ള മാർക്ക് കുംഭകോണത്തിലേക്ക് വഴിവച്ചത്. നാഷണൽ സർവീസ് സ്കീം അനുസരിച്ചുള്ള ഗ്രേസ് മാർക്ക് തന്ന് തന്നെ വിജയിപ്പിക്കണമെന്ന ഈ കുട്ടിയുടെ അപേക്ഷ നേരത്തേ സർവകലാശാല നിരസിച്ചതാണ്. കാരണം എൻ.എസ്.എസിന്റെ ഗ്രേസ് മാർക്ക് നേരത്തെ ആ കുട്ടിക്ക് നൽകിയിരുന്നു. എന്നിട്ടും അദാലത്തിൽ വച്ച് ഒരു മാർക്ക് കൂട്ടി നൽകി ആ വിദ്യാർത്ഥിനിയെ വിജയിപ്പിക്കാനാണ് തീരുമാനിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് സെക്ഷനിലെ ഉദ്യോഗസ്ഥർ കുറിപ്പെഴുതിയതോടെ ആ വിഷയം അക്കാഡമിക്ക് കൗൺസിലിലേക്ക് വിട്ടു. പിന്നീടുണ്ടായത് അമ്പരിപ്പിക്കുന്ന നടപടികളാണ്.
മാർക്ക് കൊള്ള തന്നെ
എം.ജി സർവകലാശാലയിൽ നടന്നത് മോഡറേഷനാണെന്നും അതിനെ മാർക്ക് ദാനമെന്ന് ചിത്രീകരിക്കുന്നത് ശരിയല്ലെന്നുമാണ് മന്ത്രി കെ.ടി. ജലീൽ വാദിക്കുന്നത്. എന്നാൽ, ഇവിടെ നടന്നത് മാർക്ക് ദാനം പോലുമല്ല, അതിനുമപ്പുറം മാർക്ക് കൊള്ളയാണ്. ഓരോ പരീക്ഷയിലും റിസൾട്ട് വരുന്നതിനുമുമ്പ് പരീക്ഷയുടെ പൊതുവായ സ്വാഭാവവും സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങളുടെ എണ്ണവും വിദ്യാർത്ഥികളുടെ പരീക്ഷയിലെ പ്രകടനവും മറ്റും കണക്കിലെടുത്ത് എക്സാമിനേഷൻ പാസ് ബോർഡുകളാണ് മോഡറേഷൻ നിശ്ചയിച്ചിരിക്കുന്നത്. എത്ര മോഡറേഷനാണ് കിട്ടിയിരിക്കുന്നതെന്ന് അത് ലഭിച്ച വിദ്യാർത്ഥികൾ പോലും അറിയാൻ പാടില്ലെന്നാണ് തത്വം.
വ്യക്തമായ ഗൂഢാലോചന
എം.ജി. സർവകലാശാലയിലെ മാർക്ക് കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നു എന്ന് വ്യക്തമാണ്. മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ ആദ്യാവസാനം പങ്കെടുത്തത് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. വീഡിയോ കോൺഫറൻസ് വഴി അദാലത്ത് ഉദ്ഘാടനം ചെയ്ത മന്ത്രി തന്നെയാണ് തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്. അദാലത്തിൽ പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നത് ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രൈവറ്റ് സെക്രട്ടറിയുടെ നാട്ടുകാരിയാണ് മാർക്ക് കൂട്ടിയിടണമെന്ന് അപേക്ഷ നൽകിയ കുട്ടി എന്നതു തന്നെ പ്രൈവറ്റ് സെക്രട്ടറിയുടെ പങ്കിന് അടിവരയിടുന്നു. എം.ജി.സർവകലാശാലയിലെ മാർക്ക് കൊള്ള ഒറ്റപ്പെട്ട സംഭവമല്ല. വളയമില്ലാത്ത ചാട്ടങ്ങൾ മിക്ക സർവകലാശാലകളിലും നടന്നു.
കണ്ണീർക്കഥകൾ മറയാക്കുന്നു
സർവകലാശാലയിലെ ക്രമക്കേടുകൾ പുറത്തു വന്നതോടെ കണ്ണീർക്കഥകൾ ചമച്ച് സഹതാപമുയർത്തി രക്ഷപ്പെടാനാണ് മന്ത്രിയുടെ ശ്രമം. അർഹതപ്പെട്ടവർക്ക് അർഹമായത് നൽകാൻ ചട്ടവും വകുപ്പുകളും ലംഘിക്കുമെന്നാണ് മന്ത്രി പറയുന്നത്. ഒരു കാര്യം തുടക്കം മുതൽക്കേ ഞാൻ വ്യക്തമാക്കിയിരുന്നു. അർഹമായത് അർഹമായവർക്ക് നൽകുന്നതിന് ആരും എതിരല്ല. പക്ഷേ, അത് നിയമാനുസൃതം നൽകണം. തോറ്റു കിടക്കുന്ന കുട്ടികൾക്ക് വെറുതേ മാർക്ക് വാരിക്കോരി നൽകി ജയിപ്പിക്കുന്നതല്ല അർഹമായത് നൽകൽ. വീട്ടിൽ ദാരിദ്ര്യമാണ്, അച്ഛന് ചെറിയ ജോലിയാണ് എന്ന് പറഞ്ഞ് ഒരു കുട്ടിക്ക് മാർക്ക് കൂട്ടിയിട്ടു കൊടുക്കാൻ കഴിയുമോ? ദയാഹർജി പരിഗണിച്ചല്ല, മാർക്ക് നൽകേണ്ടതെന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ വാക്കുകളാണ് ഈ അവസരത്തിൽ മന്ത്രിയെ ഓർമ്മിപ്പിക്കാനുള്ളത്. മന്ത്രി ഇതുവരെയുള്ള വാദമുഖങ്ങളെല്ലാം പൊളിക്കുന്നതാണ് അറിയപ്പെടുന്ന ഇടതുപക്ഷ സഹയാത്രികനും വിദ്യാഭ്യാസ വിചക്ഷണനുമായ രാജൻ ഗുരുക്കളുടെ വാക്കുകൾ.
മാനുഷിക പരിഗണനയെക്കുറിച്ച് ഇപ്പോൾ വാചാലനാവുന്ന മന്ത്രി പഴയ ഒരു കഥ ഓർക്കണം. 2012 ൽ റാഗിംഗിനെത്തുടർന്ന് കോഴിക്കോട് സർവകലാശാലയുടെ എൻജിനിയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ആ കുട്ടിയെ കോഴിക്കോട് എൻജിനിയറിംഗ് കോളേജിലേക്ക് മാറ്റാൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ അഭ്യർത്ഥന അനുസരിച്ച് വി.സി ഉത്തരവിറക്കി. അതിനെതിരെ സമരം ചെയ്ത് ഉത്തരവ് റദ്ദാക്കിച്ചവരാണ് സി.പി.എമ്മുകാർ. ഇവിടെയാകട്ടെ വി.സിയെ മറികടന്നായിരുന്നു മന്ത്രിയുടെ ഉത്തരവ്.
നിയമലംഘനങ്ങളെല്ലാം നടത്തിയ ശേഷം മാനുഷിക പരിഗണനയുടെ വാചകക്കസർത്തു നടത്തി രക്ഷപ്പെടാൻ മന്ത്രിക്ക് കഴിയില്ല. ഇതുവരെ കേരളം ഭരിച്ച മിക്കവാറും എല്ലാ വിദ്യാഭ്യാസമന്ത്രിമാരും മാനുഷിക പരിഗണന കൊടുത്തുതന്നെയാണ് ഭരണം നടത്തിയിട്ടുള്ളത്. പക്ഷേ, അവർ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായാണ് പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിച്ചത്. കേരള സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ജോൺമത്തായി സന്ദർശനത്തിന് അനുമതി ചോദിച്ചപ്പോൾ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് അങ്ങോട്ട് ചെന്ന് കാണുകയാണുണ്ടായത്. അതാണ് കേരളം വി.സി മാർക്ക് നൽകുന്ന ആദരവ്. കെ.ടി.ജലീൽ അത് അറിയണം.