maradu-flat

കൊച്ചി: മരട് ഫ്ലാറ്റ് നിർമാണ അഴിമതിക്കേസിൽ ആൽഫാ വെഞ്ചേഴ്സ് ഉടമ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. തുടർന്ന് കോടതി പോൾ രാജിനെ അടുത്ത മാസം അഞ്ചുവരെ റിമാൻഡ് ചെയ്‌തു. ചോദ്യംചെയ്യലിനായി കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ കോടതിയിൽ അപേക്ഷ നൽകും.

മരട് ഫ്ലാറ്റ് നിർമാണ കേസിൽ ഹോളിഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസും രണ്ട് മുൻ ഉദ്യോഗസ്ഥരും അറസ്റ്റിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോയിരുന്നു. പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച ജില്ലാ സെഷൻസ്‌ കോടതി തള്ളിയിരുന്നു. പോൾ രാജിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്‌ വ്യക്തമാക്കിയാണ് കോടതി ജാമ്യഹർജി തള്ളിയത്.ചോദ്യംചെയ്യലിന്‌ ഹാജരാകാൻ നോട്ടീസ്‌ നൽകിയെങ്കിലും ഇയാൾ എത്തിയിരുന്നില്ല.

തുടർന്നാണ്‌ മുൻകൂർ ജാമ്യം തേടിയത്‌.കേസിൽ മരട്‌ പഞ്ചായത്ത് ഉദ്യോഗസ്ഥരായിരുന്ന മുഹമ്മദ്‌ അഷ്‌റഫും പി ഇ ജോസഫും റിമാൻഡിലാണ്‌. ആൽഫ സെറീൻ ഫ്‌ളാറ്റിന്റെ പ്ലാൻ തയ്യാറാക്കിയ ആർക്കിടെക്ട്‌ കെ സി ജോർജിനെയും ക്രൈംബ്രാഞ്ച്‌ പ്രതിചേർത്തിട്ടുണ്ട്‌. റിമാൻഡിലായ നാല് പ്രതികളുടെയും ജാമ്യാപേക്ഷ അടുത്ത മാസം എട്ടിന് പരിഗണിക്കും.